കഴിഞ്ഞ പോസ്റ്റിലെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ശാസ്ത്രത്തെ കുറിച്ചും അദ്വൈതത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളുടെ ഒരു അവലോകനം
അദ്വൈതം എന്താണ് എന്ന് ജ്യോതി, ഇന്‍ഡ്യ ഹെറിറ്റേജ് മുതലായവര്‍ പറയുന്നത്.
ദ്വൈതം: അരണ്ട വെളിച്ചത്തില്‍ തോന്നിച്ച പാമ്പ്, യഥാര്‍ത്ഥ വെളിച്ചത്തിലെ കയര്‍. ഈ (മായ,യാഥാര്‍ത്ഥ്യ) ജോടി ആണ് ദ്വൈതം.
അല്ലെങ്കില്‍ ഞാനും ബ്രഹ്മവും വ്യതസ്തമാണ് എന്ന തോന്നലാണ് ദ്വൈതം.
അദ്വൈതം: ഇതു രണ്ടും രണ്ടല്ല (പാമ്പും കയറുമില്ല. കയര്‍ മാത്രമേ ഉള്ളൂ)എന്ന് വെളിച്ചത്തിന്റെ (അറിവ്) സഹായത്താല്‍ മനസ്സിലാക്കുന്നതാണ് അദ്വൈതം.
ഇങ്ങനെ മനസ്സിലാക്കുമ്പോള്‍ ബ്രഹ്മം എന്ന എല്ലത്തിന്റേയും കാരണമായ സചിദാനന്ദന്‍ തന്നെയാണ്, ആ പരിപൂര്‍ണ്ണ-ആനന്ദസ്വരൂപമാണ്; അതേ ചൈതന്യമാണ് നിന്റെ ഉള്ളിന്റെ ഉള്ളിലും കുടികൊള്ളുന്നത്" എന്ന്. ഇതും മനനം ചെയ്ത്, നിദിധ്യസനം ചെയ്ത്, പരിപൂര്‍ണ്ണ ബോധ്യം ശിഷ്യന് എപ്പോള്‍ കൈവരുന്നുവോ അപ്പോള്‍ ശിഷ്യന്‍ "അഹം ബ്രഹ്മാസ്മി" അതെ ഞാന്‍ ബ്രഹ്മം തന്നെ- എന്ന്. (ജ്യോതി)
ചുരുക്കി പറഞ്ഞാല്‍ തൂണിലും തുരുമ്പിലും ഒരേ ചൈതന്യം (ഊര്‍ജ്ജം) ആണ് ഉള്ളതെന്ന ഫിലോസഫി.
ഇതില്‍ ഒരു സാധാരണ മനുഷ്യന് മനസ്സിലാക്കന്‍ പറ്റാത്ത ഒരു വിഷയം നിര്‍വചിക്കാനാവാത്ത ബ്രഹ്മമാണ്. ഗണിതത്തിലെ ഇന്‍ഫിനിറ്റി എന്നത് സങ്കല്‍പ്പിക്കാന്‍ സാധിക്കുന്ന ഒരാള്‍ക്ക് ബ്രഹ്മം എന്നത് സങ്കല്‍പ്പിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്നാലും കൂടുതല്‍ നല്ല ചിന്തകള്‍ ചര്‍ച്ചകളില്‍ ഉരുതിരിഞ്ഞു വന്നേക്കാം.
ക്വാണ്ടം മെക്കനിക്സ് ഷിജു പറഞ്ഞത്.
ദ്വൈതം (പ്രകാശത്തിന്റെ ദ്വൈത സ്വഭാവം): ക്വാണ്ടം മെക്കാനിക്സിലെ ഏറ്റവും വിപ്ലവകരമായ ആശയമാണ് പദാര്‍ഥം ഒരേ സമയം തരംഗവും കണവും (Wave-particle duality) ആണെന്നുള്ളത്. (two slit experiment ഇത് തെളിയിക്കുന്നു.)
അദ്വൈതം : നമുക്കൊരിക്കലും പ്രകാശത്തിന്റെ ദ്വന്ദാത്മകത കാണാന്‍ കഴിയില്ല. അതിന്റെ സ്വഭാവം സന്ദര്‍ഭത്തിനനുസരിച്ച് മാറുന്നു. നമ്മള്‍ എന്താണോ നോക്കുന്നത് അതാണ് നമ്മള്‍ കാണുന്നത്. പക്ഷെ അതാണ് ശരി എന്ന് അതിന് അര്‍ഥം ഇല്ല.
(അതായത് ഇരുണ്ട വെളിച്ചത്തില്‍ കയറിനെ പാമ്പായി കണ്ട പോലെ. നല്ല വെളിച്ചത്തില്‍ അത് കയര്‍ മാത്രമാണ്. കണിക, തരംഗം എന്നത് പ്രകാശത്തിനെ സ്വഭാവം മാത്രമാണ്. യഥാര്‍ത്ഥത്തില്‍ പ്രകാശം പ്രകാശോര്‍ജ്ജമാണ്)
സൂക്ഷ്മ പ്രപഞ്ചത്തില്‍, ഒരു ഇലക്‍ട്രോണിനെ(കണിക, particle) സൂക്ഷദശിനി ഉപയോഗിച്ച് നമ്മള്‍ നോക്കുന്നു എന്ന് വെയ്ക്കുക. ഏത് വൈദ്യുതകാന്തിക കിരണം (Wave) ഉപയോഗിച്ചാണോ നമ്മള്‍ ഇലക്‍ട്രോണിനെ നോക്കുന്നത് ആ കിരണത്തിന്റെ ഫോട്ടോണ്‍ ഇലക്‍ട്രോണുമായി കൂട്ടി മുട്ടുകയും അതിന്റെ ഊര്‍ജ്ജത്തിന്റെ ഒരു അംശം ഇലക്‍ട്രോണിന് കൈമാറുകയും ചെയ്യും. (അതായത്, കൊടുക്കുന്ന വൈദ്യുത കാന്തിക കിരണത്തിന്റെ ഊര്‍ജ്ജത്തിനെ ഒരു ഭാഗം തന്നെയാണ് ഇലക്ട്രോണിലും എത്തി ചേരുന്നത്.)
എല്ലാത്തിലും ഉള്ളത് ഒരേ ഊര്‍ജ്ജം തന്നെയാണ് എന്ന് ഇവിടെയും! അതേ ഫിലോസഫി തന്നെ.
( ഈ ഇലക്ട്രോണുകളും, അതിന്റെ ഊര്‍ജ്ജവും, ന്യൂട്രോണുകളും കൂടി സൃഷ്ടിക്കുന്ന കണങ്ങളുടേയും, തന്മാത്രകളുടെയും ആകെ തുകയാണ് ഞാനും, നീയും,തൂണും തുരുമ്പും എല്ലാം)
രണ്ടും ഒരേ തത്ത്വ ചിന്ത (എല്ലാത്തിന്റേയും ചൈതന്യം ഒന്ന്)യാണ് വിനിമയം ചെയ്യുന്നത് എന്നാണ് എന്റെ സാമാന്യ ബുദ്ധിയ്ക്ക് തോന്നുന്നത്. കൂടുതല്‍ ശ്രമങ്ങള്‍ Tao of Physics നോടും brief History of time നോടും ഒപ്പം അടുത്ത പോസ്റ്റില്‍.
വാല്‍കണ്ണാടി:
അദ്വൈതത്തെ കുറിച്ച് ചിന്തിക്കാനിടയായ സാഹചര്യം കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞു. അദ്വൈതത്തെ സമീപിച്ചപ്പോഴിക്കെ ബ്രഹ്മം എന്ന ആശയം കുറച്ചേറെ ശല്യപ്പെടുത്തിയിരുന്നു. ബ്രഹ്മത്തെ നിര്‍വചിക്കാനാവില്ല എന്ന വാചകം കുറച്ചൊന്നു മുഷിപ്പിക്കുകയും ചെയ്തിരുന്നു എന്നതാണ് സത്യം.കുറച്ചു കൂടെ ആലോചിച്ചപ്പോള്‍ അതില്‍ വലിയ കഥയൊന്നും ഇല്ല എന്നു മനസ്സിലായി.ഗണിതത്തിലും ഉണ്ടല്ലോ നിര്‍വച്ചിക്കാന്‍ പറ്റാത്ത ഒന്ന്: ഇന്‍ഫിനിറ്റി. 0/10 =0 എന്ന് പഠിക്കാന്‍ എളുപ്പമാണ്. പ്രൈമറി സ്കൂള്‍ മാഷ് പറഞ്ഞ് കൊടുക്കും, ഒരു കേക്ക് 10 കഷ്ണങ്ങള്‍ ആക്കിയതില്‍ എനിക്കു കിട്ടിയത് പൂജ്യം കഷ്ണം (അതായത് ഒന്നും കിട്ടിയില്ല) അതുകൊണ്ട് 0/10=0. എന്നാല്‍ 10/0 എന്നത് എങ്ങനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കും? ഒന്നുമില്ലായ്മയില്‍ നിന്നു 10 എടുത്താല്‍ എത്ര? പറഞ്ഞു കൊടുക്കാന്‍ ഇത്തിരി പാടാണ്. എന്നാലും ചെറിയ ക്ലാസ്സിലെ നമുക്കറിയാം 10/0 ഇന്‍ഫിനിറ്റി ആണെന്ന്. അതെങ്ങനെ എന്ന് മനസ്സിലാക്കാനും നമുക്ക് കഴിഞ്ഞു. ഗണിതത്തില്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ഇന്‍ഫിനിറ്റി എന്നു എല്ലവര്‍ക്കും അറിയുകയും ചെയ്യാം (ഇതിനെ കുറിച്ചു ആധികാരികമായി എഴുതാന്‍ കഴിവുള്ളവര്‍ ബൂലോഗത്തില്‍ വേറെയുണ്ട്. അവര്‍ പറയുമായിരിക്കും. കൌതുകം എന്താണെന്നു വച്ചാല്‍ ഇന്‍ഫിനിറ്റിയെ കുറിച്ചുള്ള ആദ്യ ലേഖനങ്ങളില്‍ ഒന്ന് യജുര്‍ വേദമണെന്ന് വിക്കി പറയുന്നു (തല്ലല്ലേ!) പലതരം ഇന്‍ഫിനിറ്റിയെ കുറിച്ച് ഒരു പോസ്റ്റ് പിന്നീടാകാം) ഇന്‍ഫിനിറ്റി മനസ്സിലായതിനു ശേഷം ഗണിതത്തിന്റെ മലകളിലേക്ക് നടക്കാന്‍ വലിയ പ്രയാസം ഉണ്ടായില്ല ( ഇന്റഗ്രല്‍ -ഇന്‍ഫിനിറ്റി റ്റു + ഇന്‍ഫിനിറ്റി ഒക്കെ പുഷ്പം പോലെ!) ഈ ഇന്‍ഫിനിറ്റിയെ കുറിച്ചു നല്ല ബോധ്യം വന്നപ്പോള്‍ ബ്രഹ്മം എന്ന ആശയവും പ്രയാസം കൂടാതെ വഴങ്ങി തന്നു. ( ഇതിനര്‍ത്ഥം ഇന്‍ഫിനിറ്റി= ബ്രഹ്മം എന്നല്ല!)
അപ്പോള്‍ അടുത്ത ചോദ്യം എനിക്ക് കേള്‍ക്കാം. എന്തിനീ അദ്വൈത സിദ്ധാന്തം മനസ്സിലാക്കാനും പഠിക്കാനും ശ്രമിക്കുന്നു? അതൊക്കെ ആറാം നൂറ്റാണ്ടില്‍ പറഞ്ഞ മതപരമായ കാര്യങ്ങല്ലേ? ഇന്ന് ഈ ചിന്തയ്ക്കെന്തെങ്കിലും പ്രസക്തിയുണ്ടോ?
പൈതൃകം വലിച്ചെറിയുന്നത് നമ്മുടെ മാത്രം പ്രത്യേകതയാകണം. എ. ഡി ഒന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ബൈബിള്‍ ഇപ്പോഴും ആളുകള്‍ പേറി കൊണ്ട് നടക്കുന്നെങ്കില്‍ അതില്‍ ശാസ്ത്രത്തിന് പങ്കൊന്നുമില്ല. അതിലെ വിപ്ലവകരമായ ആശയങ്ങള്‍ കൊണ്ടു തന്നെയാണ് അത് നിലനില്‍ക്കുന്നത്. ആ ആശയങ്ങള്‍, സ്വര്‍ഗ്ഗം, നരകം, ദൈവം, പിശാച്, യേശു, മഗ്ദലിന മറിയം, ത്രിത്വം, പരിശുദ്ധാത്മാവ് എന്ന വ്യക്തി ബിംബങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നില്ല. പകരം, സ്നേഹം, ക്ഷമ, സാഹോദര്യം (സോഷ്യലിസം) എന്നിവയിലൂന്നി നില്‍ക്കുന്നു. താഴെക്കിടയിലുള്ള സാധാരണക്കാരന് മനസ്സിലാക്കാന്‍ പാകത്തില്‍ ലളിതമായ ഉപമകളിലൂടെ ആ ആശയങ്ങള്‍ എഴുതപ്പെട്ടു എന്നതിനാല്‍ മനസ്സിലാക്കാനും സംവേദിക്കനും ബൈബിള്‍ ആശയങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടായില്ല. അതുകൊണ്ട് തന്നെ ബൈബിള്‍ (ആശയങ്ങള്‍) പ്രചുരപ്രചാരം നേടി. (മിഷ്യനറി പ്രവര്‍ത്തനങ്ങള്‍ ഒന്നും വിസ്മരിക്കുന്നില്ല.)അനാവശ്യം എന്ന് ജനത്തിനു തോന്നിയ പഴയനിയമം തിരസ്കരിക്കപ്പെട്ട് വളരെ ചെറിയ ഒരു (ഇസ്രായേല്‍) ജനതയില്‍ ഒതുങ്ങി നിന്നു എന്നതും ശ്രദ്ധേയമാണ്. ഞാന്‍ സോഷ്യലിസത്തെ കുറിച്ചും, വിപ്ലവത്തെ കുറിച്ചും ഒക്കെ ആദ്യം കേല്‍ക്കുന്നത് ബൈബിളില്‍ നിന്നാണ് (സിബുവിന്റെ ക്രിട്ടിക്കല്‍ റീഡിംഗ് ഓഫ് ഗോസ്പലില്‍ ഇതു കുറച്ചൊക്കെ പറഞ്ഞീട്ടുണ്ട്.) പിന്നീടാണ് സാമൂഹ്യപാഠം ക്ലാസുകളില്‍ നിന്നും പലതരം വിപ്ലവങ്ങളും പഠിച്ചത്.
എന്നാല്‍ ഭാരതത്തിന്റെ പൈതൃകങ്ങള്‍ ഒന്നും തന്നെ ഇത്ര ലളിതമായ ഭാഷയിലല്ല എഴുതപ്പെട്ടിരിക്കുന്നത്. (അതിനെ കുറിച്ച് ജ്യോതി പറയുന്നതിവിടെ.) അത് മനസ്സിലാക്കാന്‍ പ്രയാസമാണ്. ഇനി അത് അദ്വൈതാവസ്ഥയിലൊന്നും എത്താനാകത്ത ഒരുസാധാരണക്കരന്‍ മനസ്സിലാക്കിയാല്‍ എന്തെങ്കിലും ഗുണമുണ്ടോ?
ജ്യോതി പറഞ്ഞതിങ്ങനെ:
നമ്മളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഈ സത്യാന്വേഷണം കൊണ്ടെന്താ കാര്യം എന്നതിനെപ്പറ്റി എനിയ്ക്കു തോന്നുന്നതും കൂടി പറയാന്‍ ശ്രമിയ്ക്കട്ടെ-
1. ഞാന്‍ എന്നാല്‍ 5അടി പൊക്കവും 50 കിലോ തൂക്കവുമുള്ള വെറും ഒരു സ്ത്രീയല്ല, എന്റെ പരമാര്‍ഥസ്വരൂപം-സച്ചിദാനന്ദചൈതന്യമാണ്- എന്ന ചിന്ത, എനിയ്ക്ക് സഹിയ്ക്കാനാവാത്ത ദുഃഖം വരുമ്പോള്‍ എന്തെന്നില്ലാത്ത ശക്തി തരുന്നു. ദുഃഖിയ്ക്കേണ്ട ഒരു സാഹചര്യവുമില്ല എന്നോര്‍മ്മിപ്പിയ്ക്കുന്നു.
2. എന്നില്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിയ്ക്കുന്ന അതേ ചൈതന്യം തന്നെയാണ് മറ്റുള്ളവരിലും ഉള്ളത് എന്ന് ചിന്തിച്ചുറപ്പിയ്ക്കുമ്പോള്‍ എല്ലാവരേയും എനിയ്ക്കൊരുപോലെ കാണാന്‍ കഴിയുന്നു. ആ സമത്വം അറിഞ്ഞ് വ്യവഹരികഭേദത്തെ കൈകാര്യം ചെയ്യാം. കളിയ്ക്കുമ്പോള്‍ കളിയിലെ നിയമം പാലിയ്ക്കണം, എന്നാലേ രസമുള്ളൂ, അല്ലാതെ, എതിര്‍ടീമിലെ ആളും എനിയ്ക്ക് ഒരുപോലെയാണ് എന്നു പറഞ്ഞ് ഫൂട്ബോളര്‍ പന്തു പാസ്സുചെയ്താല്‍ കളിയ്ക്ക് രസമുണ്ടാവില്ല. എന്നാല്‍ കളിച്ച് കളിച്ച് അടിപിടിയുടെ വക്കോളമെത്തിയാല്‍, after all ഇതൊരു കളിയല്ലേ എന്ന് ഓര്‍മ്മിച്ച് സമാധാനത്തിലെത്താം. (ഞാന്‍ കാടുകയറുന്നുവോ?)
3. ജീവികളില്‍ മാത്രമല്ല, മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും അതേ ശക്തി-ചൈതന്യം തന്നെ നിറഞ്ഞുനില്‍ക്കുന്നു എന്ന ചിന്ത കണ്ണുകൊണ്ടുകിട്ടുന്ന കാഴ്ച്ചയ്ക്കുമപ്പുറം എന്നെ കൂട്ടിക്കൊണ്ടുപോകുന്നു.
4. horrorസിനിമകണ്ട് പേടിച്ചുകരയുന്ന കുട്ടിയ്ക്ക്, എന്തിനാ കരയണ്, ഇതു വെറും സിനിമയല്ലേ, എന്ന് ഓര്‍മ്മവന്നാല്‍ പിന്നെ സിനിമ കൂടുതല്‍ ആസ്വദിച്ചുകാണാം എന്നതുപോലെ, ശരിയായ സ്വരൂപം ശാശ്വതാനന്ദബോധമാണ് എന്നു മനസ്സിലുണ്ടെങ്കില്‍ പിന്നെ ഈ വ്യവഹാരജീവിതം-അതുവരുന്നപോലെ, ഒരു വേവലാതിയും കൂടാതെ, സാഹചര്യങ്ങളുടെ അടിമയാകാതെ, ഉത്‌സാഹപൂര്‍വം ജീവിച്ചുതീര്‍ക്കാം
ഇതില്‍ എറ്റവും പ്രധാന്യം സമത്വം തന്നെ. ഒറ്റ വാചകത്തില്‍ അദ്വൈതം എന്താണെന്നു പറഞ്ഞാല്‍ ബ്രഹ്മത്തെ മായയാല്‍ ജഗത് എന്നു നിരൂപിക്കുന്ന മനുഷ്യനു്, സര്‍വ്വം ബ്രഹ്മമാണെന്ന ശിക്ഷണം പകര്‍ന്നു കൊടുക്കുന്ന സൌന്ദര്യശാസ്ത്രമാണു അദ്വൈതം (പെരിങ്ങോടന്‍. ) അതായത്, നീയും ഞാനും ഒരേ ചൈതന്യമാണ്. ഒരു വ്യതാസവും ഇല്ല എന്ന്. ( ദൈവം മനുഷ്യനെ തന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചു എന്നു പറയുന്നത് തന്നെ ഇതും!)എല്ലവരും തുല്യര്‍. അവര്‍ണ്ണനും, സവര്‍ണ്ണനും, ഹിന്ദുവും, ക്രിസ്ത്യാനിയും, മുസ്ലീമും എല്ലാം ഒരേ ചൈതന്യത്തില്‍ നിന്നുണ്ടായതാണെന്ന്. (പിന്‍വിളി:എല്ലാ മതങ്ങളും ഇതൊക്കെ പറയുന്നു എന്നീട്ടാ!)
യേശു മഗ്ദലനാമറിയത്തെ കല്യണം കഴിച്ചതാണോ? കന്യകാമറിയത്തിന്റെ അമലോത്ഭവം ശരിയണോ? എന്നുള്ള ചോദ്യങ്ങളൊന്നും ബൈബിളിലെ നല്ല ആശയങ്ങള്‍ മനസ്സിലാക്കുന്നതിനും പ്രചരിക്കുന്നതിനും തടസ്സമായില്ല എന്നത് പോലെ ആദി ശങ്കരന് അന്നത്തെ കാലത്ത് ജാതി ചിന്തയുണ്ടായിരുന്നൊ (ഉണ്ടായിരുന്നെങ്കില്‍) എന്നത് അദ്വൈതത്തിലെ നല്ല ആശയങ്ങളെ സ്വീകരിക്കുന്നത് തടസ്സമാകേണ്ടതില്ല.
പറഞ്ഞു വരുന്നത്, അദ്വൈതം മനസ്സിലാവത്ത, എന്നാല്‍ കുറച്ച് ശാസ്ത്രം അറിയാവുന്ന ഒരാള്‍ക്ക് അദ്വൈതത്തെ കുറിച്ച് മനസ്സിലാക്കാന്‍ ഒരു വഴിയാണ് ഇത്തരത്തിലുള്ള പഠനങ്ങള്‍ (അദ്വൈതം, ക്വാണ്ടം മെക്കനിക്സ് എന്നിവയെ ബന്ധപ്പെടുത്തികൊണ്ടുള്ള പഠനങ്ങള്‍). തിരിച്ച് ശാസ്ത്രത്തെ അദ്വൈതം കൊണ്ട് വിശദീകാരിക്കാനല്ല. ശാസ്ത്രം അറിയുന്ന ഒരാള്‍ക്ക് അതിന്റെ ആവശ്യവും ഇല്ല. അദ്വൈതം ഏറ്റവും നന്നായി അറിയുന്ന, ബ്രഹ്മത്തെ ഒക്കെ നന്നായി മനസ്സിലാക്കിയ ആളുകള്‍ക്ക് ഈ പഠനം കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. രണ്ടും അറിയാത്ത ആളുകള്‍ക്ക് ഏതെങ്കിലും ഒന്ന് ഒരിത്തിരി മനസ്സിലായാല്‍ സന്തോഷം.
ഇനി അദ്വൈതത്തിലെ കാര്യങ്ങള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിനും കൊള്ളാത്തതാണെന്നാണ് ബോധ്യമാകുന്നതെങ്കില്‍, അത് നമ്മുടെ തന്നെ മ്യൂസിയത്തിലെ പുരാവസ്തു ശേഖരത്തിലേയ്ക്ക് പോകട്ടെ. കൊള്ളാവുന്നതണെങ്കില്‍ വരും തലമുറയ്ക്കും കൂടി വായിച്ചെടുക്കാന്‍ ലൈബ്രറിയിലേയ്ക്കും പോകട്ടെ. അല്ലാതെ ടോയലറ്റ് പേപ്പറാക്കുന്നതോ, വലിച്ചെറിഞ്ഞു കളഞ്ഞീട്ട്, ആരെങ്കിലും വന്ന് പൊടി തട്ടി എടുത്ത് അവരുടെ മ്യൂസിയത്തിലോ, ലൈബ്രറിയിലൊ വയ്ക്കുമ്പോള്‍ അത് ഞങ്ങളില്‍ നിന്നും അവര്‍ മോഷ്ടിച്ചതാണേ എന്ന് അലമുറയിടുന്നത് ഭോഷ്കാണ്.
ദേവേട്ടന്‍ കഴിഞ്ഞ ചര്‍ച്ചയില്‍ പറഞ്ഞത് ഇവിടെ പ്രസക്തമാകുന്നു.
വേദം എന്നാല്‍ ചതുര്‍വേദസംഹിതകകളാണെന്നും മുനിമാര്‍ എന്ന കുറച്ചു താടി വച്ച ബ്രാഹ്മണന്മാര്‍ ഇരുന്ന് എഴുതി വച്ച കിത്താബാണെന്നും കരുതുന്നതില്‍ നിന്നാണ് വേദവും ശാസ്ത്രവും മോരും മുതിരയുമാനെന്ന ഒരു തോന്നല്‍ ഉണ്ടാകുന്നത്.
വേദം എന്ന വാക്കിന് അറിവ് എന്നേയര്‍ത്ഥമുള്ളു. ആദി വേദകാലത്ത് ചതുര്‍വേദങ്ങള്‍ ഫിലോസഫിക്കല്‍ സമ്മറിയും അതിനു താഴെ എന്നയര്‍ത്ഥം വരുന്ന "ഉപനിഷത്തുക്കള്‍" അതിനു താഴെ ശാസ്ത്രങ്ങള്‍ കലകള്‍ അങ്ങനെ അറിവിനെ ഓര്‍ഗനൈസ് ചെയ്തിരുന്നു. അതില്‍ പ്രാര്‍ത്ഥനകളും കാല്‍കുലസും ജ്യൂമെറ്റ്രിയും ഫിസിക്സും കാമശാസ്ത്രവും ആയുവേദവും പതഞ്ജലീ സൂത്രവും മന്ത്രവാദവും എക്കണോമിക്സും അടക്കം ഒരു കാലത്ത് ലോകത്തിന്റെ മറ്റു മിക്ക ഭാഗങ്ങളെക്കാളും പുരോഗതിയുണ്ടായിരുന്ന ഒരു ജനതയുടെ അറിവുകളും, അറിവെന്നു വിശ്വസിച്ചിരുന്ന വെളിവുകേടുകളും, സുന്ദരമായ തത്വസംഹിതകളും, എക്കണോമിക്ക് ഫിലോസഫികളും വെറും പൊട്ടത്തരങ്ങളും, നമുക്ക് ഇന്നറിവില്ലാത്ത പല കാര്യങ്ങളും, നമുക്ക് ഇന്ന് തെറ്റെന്ന് ബോദ്ധ്യമുള്ള കാര്യങ്ങളുമടക്കം ഒരുപാടു കാര്യങ്ങള്‍ ഉണ്ട്. പലതും നശിച്ചു, പലതും കൂട്ടിച്ചേര്‍ക്കപ്പെട്ടു .. അറിവ് ജൈവമാണ്, ഒരിക്കലും അത് പൂര്‍ണ്ണമാകില്ല, ഒരിക്കലും നിശ്ചലമായൊരു പുസ്തകത്താളുമാവില്ല.
വേദത്തെ ബ്രാഹ്മണന്റെ സ്വത്തെന്നും പരമ്പരാഗത സ്വത്തെന്നും വ്യാഖ്യാനിച്ച് പൂഴ്ത്തിവച്ചു നശിപ്പിച്ചിട്ടുണ്ടാവാം. ഓരോന്നും തെറ്റാണെന്നും ശരിയാണെന്നും ഓരോ കാലത്ത് ചിന്തിക്കുന്നതിനനുസരിച്ച് മാറ്റിയും പൊളിച്ചും എഴുതപ്പെടണം, ഒരുകാലത്തും മാറാത്ത ശാസ്ത്രമേത്? അമേരിക്ക മുഴുവന്‍ ഡി ഡി ടി തളിക്കാന്‍ തീരുമാനിച്ചതും പിന്നെ കയ്യും കാലുമില്ലാതെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് കണ്ട് അത് നിരോധിക്കാനും തീരുമാനിച്ചത് അതാതു കാലങ്ങളുടെ ശാസ്ത്രീയമായ അറിവുകളുടെ അടിസ്ഥാനത്തിലാണ്.
കഴിഞ്ഞ പോസ്റ്റിലെ ചര്‍ച്ചയിലെ മറ്റു ചില ചോദ്യങ്ങളും സംശയങ്ങളും:
1.ക്വാണ്ടം മെക്കാനിക്സില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ നമ്മുടെ മുനിമാര്‍ പണ്ടെ പറഞ്ഞിരുന്നു എന്നു സ്ഥാപിക്കനാണൊ ഈ പോസ്റ്റ്?(ഷിജു)
അല്ലെയല്ല. രണ്ടും ഒരേ ഫിലോസഫിയാണ് വിനിമയം ചെയ്യുന്നത് എന്ന് പറയുക മാത്രം.
2.വേദാന്തത്തേയും ശാസ്ത്രത്തേയും കൂട്ടി കുഴക്കണൊ രണ്ടും രണ്ട് വഴികളല്ലെ?( കണ്ണൂസ്, കൂമന്‍, നളന്‍)
കൂട്ടി കുഴക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല ഈ പഠനം. രണ്ടും ഇടതും വലതും വെച്ച് അതിന്റെ ഫിലോസൊഫികള്‍ താരതമ്യം ചെയ്യുന്നു.രണ്ടിന്റെയും തത്ത്വചിന്ത ഒന്നാണെന്ന് ഞാന്‍ കരുതുന്നു. രണ്ട് സമാന്തര തീവണ്ടി പാളങ്ങള്‍ പോലെ ഒരേ ദിശയിലേയ്ക്ക്.
3.ഒരു അദ്വൈതവേദാന്തിക്ക് വേണമെങ്കില്‍ ഇങ്ങനെ പറയാം: സകലതിനെയും quantize ചെയ്താല്‍ ബ്രഹ്മമായി.അതേസമയം ഒരു quantum physicist-ന് തന്റെ സിദ്ധാന്തം വഴി ബ്രഹ്മത്തെ വ്യാഖ്യാനിക്കാന്‍ നിരവധി കടമ്പകളുണ്ട്.ഏറ്റവും ആദ്യത്തേത് സ്ഥലകാലത്തെയും ഊര്‍ജ്ജത്തെയും സംബന്ധിച്ച തന്റെ സങ്കല്പവും ബോധവുമാണ്.ഇത് മറികടന്നാല്‍ പിന്നെ എന്തുണ്ട് വ്യാഖ്യാനിക്കാന്‍!? (സുരലോകം)
അതിന്റെ ഉത്തരത്തിലേക്കയ്ക്കല്ലേ നമ്മള്‍ പോകുന്നത്.
4. ഒരു തമാശ ചോദ്യം.അദ്വൈതത്തില്‍ ഫുള്‍സ്റ്റോപ്പിട്ടു നില്‍ക്കുവാണോ, അതിനപ്പുറത്തോട്ടൊക്കെ പോണ്ടെ, ഒന്നുത്സാഹിച്ചാല്‍ അദ്വൈതത്തെക്കാള്‍ മെച്ചപ്പെട്ട ഒരെണ്ണം ഉണ്ടാക്കിയെടുക്കാന്‍ പറ്റില്ലേ ? (നളന്‍)
നളന്‍സെ ഇതിനുത്തരം തേടി പോയപ്പോള്‍ ഒന്നു ഞെട്ടി. പതിമൂന്നാം നൂറ്റാണ്ടിലൊ പതിനാലാം നൂറ്റാലൊ അദ്വൈതത്തിലെ തെറ്റൊക്കെ തിരുത്തി വിശിഷ്ടഅദ്വൈതം എന്ന പേരില്‍ ഒന്നൂടെ ഉണ്ടെന്ന്. അതിന് ക്വാണ്ടം മെക്കാനിക്സ് മതിയാവില്ല. സ്റ്റ്ട്രിംഗ് തിയറി വേണ്ടി വരും.അതിന്റെ ഒരു ആചാര്യന്‍ അവര്‍ണ്ണന്‍ ആയിരുന്നു എന്നും കേട്ടു. കൂടുതല്‍ അറിയുന്നവര്‍ ഇവിടൊക്കെ തന്നെ ഉണ്ട്.
5. അദ്വൈതം ശരിയെന്ന് തെളിയിക്കാന്‍ ശാസ്ത്രത്തിന്റെ പിന്‍ബലം തേടി പോവുകയാണോ?(നളന്‍)
ഇവിടെ ചര്‍ച്ച തത്ത്വ ചിന്തകള്‍ മാത്രം. അദ്വൈതം മനസ്സിലാക്കന്‍ ശാസ്ത്രം ഉപകരിക്കുമൊ എന്നത് മാത്രമാണ് വിഷയം.
6. എന്താണ് ആത്മാവ്? ആത്മാവിനു ലൌകീക സ്വഭാവമുണ്ടൊ? (നളന്‍)
അദ്വൈതത്തിലെ ആത്മാവ് അദ്വൈത്തെ കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ പറയുമെന്നു വിശ്വസിക്കാം.എനിക്കറിയുന്ന ആത്മാവ്, ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്ന ഒന്നാണ്. മനസ്സ്, ചിന്ത എന്നൊക്കെ പറയാമൊ എന്തൊ? എന്തായലും അതിനു ലൌകീക സ്വഭാവമുണ്ട്. കഴിഞ്ഞ പോസ്റ്റിലെ പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്.
അദ്വൈതത്തിലെ ആത്മാവിനെ (soul) കണികകള്‍ അല്ലെങ്കില്‍ മാറ്റര്‍ ആയും, പ്രപഞ്ചം നിറഞ്ഞ് നില്‍ക്കുന്ന ബ്രഹ്മത്തെ തരംഗമായും കാണാം. ഈ തരംഗം തന്നെയാണ് ഒരോ കണികകളിലും ഉള്ളത്. പക്ഷെ അതിന്റെ പിണ്ഡം (ലൌകീക ഭാവം) കൂടുതലായത് കൊണ്ട് ആ തരംഗ സ്വഭാവം അനുഭവവേദ്യമാകുന്നില്ല. പിണ്ഡം കുറയുന്നതിനനുസരിച്ച് തരംഗസ്വഭാവം കൂടുന്നു. ബ്രഹ്മത്തിലേക്ക് അടുക്കുന്നു എന്ന് അദ്വൈതം. ധ്യാനം ഒക്കെ ശീലിച്ച് മനസ്സിനെ അടക്കി നിര്‍ത്താനാകുന്നവര്‍ക്ക് അത് സാധ്യമാകാം. പിണ്ഡമേ ഇല്ലാത്ത അവസ്ഥയില്‍ (ഉദ:ഫോട്ടോണ്‍, പക്ഷെ ഫോട്ടോണിനെ കുറിച്ച് പലകാര്യങ്ങളിലും ഗവേഷണം നടക്കുന്നതേ ഉള്ളൂ, ധാരാളം തര്‍ക്കങ്ങള്‍ ഉണ്ട്. എന്നിരുന്നാലും പിണ്ഡമില്ലാത്ത ഊര്‍ജ്ജ പൊതികളാണ് ഫോട്ടോണ്‍ എന്നത് തെളിയിക്കപ്പെട്ടിരിക്കുന്നു) അത് തരംഗ സ്വഭാവം ഏറ്റവും കൂടുതല്‍ കാണിക്കുന്നു. അങ്ങനെ അദ്വൈതി ആകുന്നു.
7.ഏറ്റവും കൂടുതല്‍ ചര്‍ച്ച നടന്നത് ശാസ്ത്രം ഫിലോസഫിക്കലായി വായിക്കമൊ എന്നതിലായിരുന്നു. അങ്ങനെയാവം എന്നു അവിടെ തന്നെ ഒരു യോജിപ്പിലെത്തിയ സ്ഥിതിയ്ക്ക് ഇവിടെ പറയുന്നില്ല.
ഡിസ്ക്ലൈമര്‍: ഇത് എന്റെ തലയില്‍ ഒരു സുപ്രഭാതത്തില്‍ മുളച്ച ആശയം അല്ല. ലോകത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നു. റെഫറന്‍സ് കുറച്ചൊക്കെ കഴിഞ്ഞു പോസ്റ്റില്‍ കൊടുത്തീറ്റുണ്ട്. കഴിഞ്ഞു പോസ്റ്റിലെ ചര്‍ച്ചയുടെ അവലോകനവും എന്തുകൊണ്ട് ഞാന്‍ ഇങ്ങനെ ചിന്തിക്കുന്നു എന്നതിനു ഒരു വിശദീകരണവും മാത്രമാണ് ഈ പോസ്റ്റ്. ഈ പോസ്റ്റ് എഴുതാന്‍ അധികവും ഉപകരിച്ചത് ജ്യോതിയുടേയും, ഷിജുവിന്റേയും കമന്റുകളാണ്. അവര്‍ക്ക് ഒത്തിരി നന്ദി.
Monday, September 25, 2006
Subscribe to:
Post Comments (Atom)
44 comments:
കഴിഞ്ഞ പോസ്റ്റിലെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ശാസ്ത്രത്തെ കുറിച്ചും അദ്വൈതത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളുടെ ഒരു അവലോകനം
വലിയൊരു സംവാദത്തിനെ ഡാലി നല്ല രീതിയില്‍ തന്നെ അപഗ്രഥനം ചെയ്തെഴുതിയിരിക്കുന്നു. പഴയ സംവാദവും ഇതും രണ്ടുമൂന്നാവര്‍ത്തി വായിച്ചാലേ എനിക്ക് തുടര്‍ന്നെന്തെങ്കിലും ഇവിടെ എഴുതുവാന്‍ കഴിയൂ.
ഷിജു, അഞ്ചടി നാലിഞ്ചു നമ്മുടെ ജ്യോതിടീച്ചറല്ലേ, ടീച്ചറുടെ കമന്റ് ഡാലി ആവര്‍ത്തിച്ചതായിരുന്നു ആ വാക്യം.
ഡാലി ചേച്ചീ,
ഇത് കലക്കി. ഈ പോസ്റ്റില്‍ ഞാനും ഇടപെടും. (പേടിയ്ക്കണ്ട.. ഓഫല്ല:-)) നൂറടിക്കും ഉറപ്പ്.
ഡാലിയേ,
ഇതു നല്ല ഒരു മാതൃകയായി. വെറുതെ ഒരു തര്‍ക്കമോ വാചകക്കസര്‍ത്തോ ആവാതെ, സംവാദത്തെ നന്നായി പിന്തുടര്‍ന്ന്, വിശകലനം ചെയ്ത് സംക്ഷേപിച്ചത് വളരെ നന്നായി. ഇങ്ങനെയാണെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ആളുകള്‍ മുന്നിലേയ്ക്കു വരും എന്നു തോന്നുന്നു. ബാക്കി കമന്റുകള്‍ വഴിയേ...
Off: 1.പൊക്കോം തൂക്കോം ഒക്കെ നോക്കണതാരാ? ഛേ, ഇതറിഞ്ഞിരുന്നെങ്കില്‍ പൊക്കിപ്പറയാര്‌ന്നൂ. അതേ ആറടിയിലും കൂടും. തല അട്ടം മുട്ടി മുഴച്ചുതുടങ്ങി:-)
2.ഡാലീ, ലിങ്കിടാന്‍ ആദിത്യനും വിശ്വംജീയും കൂടി പഠിപ്പിച്ചു. വെറും ബ്ലോഗിലേയ്ക്കല്ലാതെ, കൃത്യമായ കമന്റിലേയ്ക്കൊക്കെ ലിങ്ക് കൊറ്റുക്കുന്നതെങ്ങനെയാണ്? ഉത്തരം എന്റെ ബ്ലോഗില്‍ കമന്റായി ഇട്ടാലും മതി. ഇവിടെ ഓഫാക്കണമെന്നില്ല.
3."ദൈവത്തിന്റെ ചായ"- അതേതു ചായ?
:-)
ഡാലിക്കൊരു കമന്റിടാന് ഞാന്‍ പെടുന്ന പാടേ :)
ഡാലിയും ജ്യോതിയും ഒന്നല്ല, സൂവും മുല്ലപ്പൂവും ഒന്നല്ല, താരയും അതുല്യയും ഒന്നല്ല, പാര്‍വതിയും ശാലിനിയും ഒന്നല്ല... (ഒരു വീക്ഷണകോണില്‍ക്കൂടെ നോക്കിയാല്‍ ഇതു സത്യം). ദ്വൈതസിദ്ധാന്തം ഈ വീക്ഷണത്തിലൂന്നിയതാണ്.
ജ്യോതിയ്ക്കെന്താ കൊമ്പുണ്ടൊ? ഡാലിയ്ക്കെന്താ വാലുണ്ടോ? ഇവിടെ ബൂലോഗത്തില്‍ എല്ലാരും ഒരുപോലെ. ആര്‍ക്കും ആത്മാവിഷ്ക്കാരം അവരവരുടെ രീതിയില്‍ നടത്താം. എല്ലാരും ബ്ലോഗിനിമാര്‍. ആര്‍ക്കും കൊമ്പുമില്ല, വാലുമില്ല. - ഈ കാഴ്ച്ചപ്പടില്‍ ഇതാണ് സത്യം.
ദ്വൈതം- അദ്വൈതം- വിശിഷ്ടാദ്വൈതം ഈ മൂന്നും തമ്മില്‍ വീക്ഷണത്തിലാണ് വ്യത്യാസമുള്ളത്.
അഞ്ചുതരത്തിലുള്ള ദ്വൈതഭാവം(ഭേദഭാവം) - "പഞ്ചദ്വൈതസിദ്ധാന്തം എന്ന പേരില്‍ അറിയപ്പെടുന്നു-
1. ജഗത്തില്‍ കാണപ്പെടുന്ന ഏതൊരു വസ്തുവും മറ്റൊന്നില്‍ നിന്ന് ഭിന്നമാണ്.
(മോണിട്ടറും കീബോര്‍ഡും പുസ്തകവും പേനയും ഒക്കെ വെവ്വേറെ വസ്തുക്കളാണ്)
2. ഒരു ജീവനും - വ്യക്തിയും (individual soul) മറ്റൊരു ജീവനും (വ്യക്തിയും) ഭിന്നരാണ്.
(ഡാലി വേറെ, ജ്യോതി വേറെ...)
3. ബ്രഹ്മം(universl soul) വേറെ... ജഗത്ത് (external world) വേറെ...
4. പ്രപഞ്ചവും ജീവനും ഭിന്നം
(external world ഉം individual soul ഉം ഒന്നല്ല.
5. ബ്രഹ്മം (Universal soul) വേറേ... ജീവന്‍ (individual soul) വേറേ...
എല്ലാമെല്ലാം തികച്ചും ഭിന്നങ്ങള്‍. ഞാനല്ലാത്തവയെയൊക്കെ എനിയ്ക്കു പേടിയും. പേടി ദ്വൈതത്തിന്റെ കൂടപ്പിറപ്പാണ്.
ഇനി അദ്വൈതത്തിന്റെ കാതലായ വശം-
നാം കണ്‍ തുറന്നാല്‍ കാണുന്നതെല്ലാം ഈ ദ്വൈതമാണ്. എന്നാല്‍ എന്താണ് ഇക്കാണുന്ന വസ്തുക്കളുടെയൊക്കെ ശരിയായരൂപം? ശരിയായ ഭാവം? അന്വേഷണം ക്രമമായ പദ്ധതിയിലൂടെ മുന്നേറുമ്പോള്‍ മനസ്സിലാവും, (അറിവിന്റെ വെളിച്ചത്തില്‍) ഹാവൂ, ഇതൊരു പാമ്പേയല്ല. പേടിക്കേണ്ടാത്തതായ ഒരു കയറാണല്ലോ എന്ന്. അഥവാ, ഹൊ, ഇതെല്ലാം ഒരു സ്വപ്നമായിരുന്നല്ലോ. തല്‍ക്കാലത്തേയ്ക്കുള്ള അനുഭവമാണല്ലോ. കാലത്തിനും ദേശത്തിനും ഉള്ളില്‍ ഒതുങ്ങിമാത്രം നിലനില്‍ക്കുന്നതാണല്ലോ. കാലം, ദേശം (beyond time &space co-ordinates) എന്ന പരിമൈതികള്‍ക്കെല്ലാമപ്പുറത്ത് ശാശ്വതമായ ഒരേയൊരു സത്യം, അതാണ് ഇങ്ങനെ പല പല രൂപഭാവങ്ങളില്‍ പ്രകടമാവുന്നത്- എന്ന്.
അപ്പോള്‍ ആ അറിവാണ് ബ്രഹ്മം (പ്രജ്ഞാനം ബ്രഹ്മ)
ഇത്രയും ബോധ്യപ്പെട്ടാല്‍ അടുത്തതായി-
ഈ വസ്തുക്കളെ ആരാണ് കാണുന്നത്? എന്ന അന്വേഷണം
എന്റെ കണ്ണുകള്‍ കാണുന്നു-
കണ്ണു തുറന്നുവെച്ചാലും കണ്ടുകൊള്ളണമെന്നില്ല, മനസ്സുകൂടെ വേണം. അപ്പോള്‍ മനസ്സാണോ കാണുന്നത്? മനസ്സ് കണ്ണില്‍നിന്നും സന്ദേശത്തെ സ്വീകരിയ്ക്കുന്നു, അതെന്താണേന്ന് പറയുന്നത് "ബുദ്ധി"യാണ്. അപ്പോള്‍ ബുദ്ധിയാണോ കാഴ്ച്ചക്കാരന്‍? (മനസ്സ്, ബുദ്ധി, ചിത്തം, ഞാനെന്നബോധം ഇവ സാങ്കേതികമായിപ്പറഞ്ഞാല്‍ വെവ്വേറെയാണ്).
അന്വേഷണം പുരോഗമിയ്ക്കുമ്പോള്‍ ഓരോന്നോരോന്നായി ബോധ്യം വരുമ്പോള്‍ എന്തൊരു രസമായിരിയ്ക്കുമെന്നോ! അങ്ങനെ ആത്മാവ് എന്നത്, മനസ്സിനും ബുദ്ധിയ്ക്കും ഒക്കെ സാക്ഷിയായി ഉള്ള ചൈതന്യമാണ് എന്ന് മനസ്സിലാവും. ശിഷ്യന്‍/ശിഷ്യ ഈ തലത്തിലെത്തിയാല്‍ ആചാര്യന്‍ പറയും - "അയം ആത്മാ ബ്രഹ്മ" എന്ന്
ഈ ആത്മാവു തന്നെയാണ് ബ്രഹ്മം- എന്ന്. ഈ ആചാര്യവാക്കിനേയും ചിന്ത്തിച്ചു ചിന്തിച്ചു ബോധ്യം വരുത്തണം.(ശിഷ്യനോട് കേട്ടതപ്പടി വിഴുങ്ങാന്‍ പറയുന്നില്ല, അതുവരെയുള്ള സംശയങ്ങളെല്ലാം തീര്‍ന്നു തെളിഞ്ഞ മനസ്സോടെ ആചാര്യവാക്കില്‍ പൂര്‍ണ്ണവിശ്വാസം വന്ന ശിഷ്യന്നാണ് ആത്മജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ ഗുരു തയ്യാറാവുന്നത്. [2+3= 23 അല്ലേ എന്ന് ഒന്നാം ക്ലാസ്സിലെ കുട്ടിയ്ക്ക് ചോദിയ്ക്കാമെന്നു കരുതാം. പക്ഷേ ഗണിതം ബിരുദാനന്തരബിരുദത്തിനു പഠിയ്ക്കുന്ന ആള്‍ക്ക് ഈ സംശയം ഉണ്ടാകരുത്. അഥവാ ഇത്തരം സംശയങ്ങള്‍ തുടര്‍ന്നും ചോദിയ്ക്കുന്നുവെങ്കില്‍, ബാലപാഠങ്ങള്‍ പഠിച്ചുവരാന്‍ പറയാനേപറ്റൂ. ശാസ്ത്രത്തിന്റെ കുഴപ്പമല്ല, അതാതു ശാസ്ത്രത്തിന്റേതായ രീതിയില്‍ അതാതിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിയിട്ടുവേണം വലിയകാര്യങ്ങളിലേയ്ക്കു കടക്കാന്‍.]
ചുരുക്കിപ്പറഞ്ഞാല്‍, നാലു മഹാവാക്യങ്ങളിലൂടെയാണ് ആചാര്യന്‍ ശിഷ്യന് ആത്മജ്ഞാനം പകര്‍ന്നു കൊടുക്കുന്നത്.
ആത്മജ്ഞാനം കിട്ടിയ ആള്‍ക്ക് - അതു ബോധ്യപ്പെട്ട ആള്‍ക്ക് - എങ്ങും നിറഞ്ഞുനില്‍ക്കുന്ന ഒരേ ഒരു ചൈതന്യം മാത്രമേ അനുഭവത്തില്‍ വരൂ. ദുഃഖമില്ല, സന്തോഷവുമില്ല; പേടിയെന്നൊന്ന് ഇല്ലേയില്ല, ആരെ പേടിയ്ക്കാന്‍? എന്റെ ഉള്ളിന്റെയുള്ളിലെ ചൈതന്യം അനന്തമായ ആനന്ദം - അതുതന്നെയാണല്ലോ എല്ലാ ചരാചരങ്ങളിലും ഉള്ളത്. [ഇതെന്തൊരാനന്ദമിതെന്തുകൌതുകം!!!എന്നു പറയാന്‍ തോന്നുണൂ,പക്ഷേ ഇവിടെ നിന്നും സന്ദേശങ്ങള്‍ പുറത്തുപോവില്ല(കട്: വിശ്വംജീ) അതുകൊണ്ട് പറയാന്‍ പറ്റില്ല, സ്വയം ആനദമായിത്തീരുകയാണല്ലോ].
ഇനി വിശിഷ്ടാദ്വൈതം-
രാമകൃഷ്ണപരമഹംസര്‍ പറഞ്ഞതുപോലെ, ഉറുമ്പിന് പഞ്ചാര വലിയ ഇഷ്ടമാണ്, ആനന്ദമാണ്. പക്ഷേ പഞ്ചാരയായി മാറാന്‍ അതിനിഷ്ടമല്ല. പഞ്ചാര തിന്നുന്ന ഉറുമ്പായാല്‍ മതി. അതായത് നുണയാനെപ്പോഴും പഞ്ചാരവേണം, എന്നാല്‍ പഞ്ചാരയാവണ്ട.
ഇതാണ് വിശിഷ്ടാദ്വൈതം കാണിച്ചു തരുന്നത്.
എങ്ങും നിറഞ്ഞുനില്‍ക്കുന്ന, രൂപമോ ഭാവമോ ഒന്നുമില്ലാത്ത സര്‍വവ്യാപിയായ ആ ചൈതന്യം തന്നെയാണ് ഞാന്‍ എന്നു പറയുമ്പോള്‍ ഞാനും ആ ചൈതന്യവും ഒന്നാവുന്ന ആ ലയത്തില്‍ "ഞാന്‍" തന്നെ അതായി തീരുകയാണല്ലോ. അതിനേക്കാള്‍ രസം പഞ്ചാര നുണയുന്നതുപോലെ ആ ചൈതന്യത്തെ നുണയാന്‍ കിട്ടണം. ആ ബ്രഹ്മത്തിന് ഇഷ്ടരൂപം സങ്കല്‍പ്പിക്കുക. നമുക്കേറ്റവും ഇഷ്ടമുള്ള ഏറ്റവും ഉയര്‍ന്നത് എന്ന് നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്ന രൂപം കൊടുക്കാം. വിശിഷ്ടാദ്വൈതക്കാര്‍ കൃഷ്ണന്റെ രൂപത്തില്‍, "ശ്രീകൃഷ്ണപരബ്രഹ്മം" എന്ന് വ്യവഹരിയ്ക്കുന്നു.
എങ്ങും നിറഞ്ഞുനില്‍ക്കുന്ന എല്ലാറ്റിന്നും കാരണഭൂതനായ സര്‍വശക്തനും ആയ ചൈതന്യം ഭഗവാന്‍. ഭഗവാന്റെ ഭക്തന്‍ ഞാന്‍.
ഇപ്പോഴെന്തായി? "ഭഗവാന്‍" എന്ന പഞ്ചാര നുണയാം ഭക്തന്‍ എന്ന ഉറുമ്പിന്. "ഞാനിന് ഒരു ഭാരവുമില്ലാതെ അഹംകാരത്തിനിടം കൊടുക്കാതെ എല്ലാം ഭഗവാനിലര്‍പ്പിച്ച് ജീവിതത്തെ ഭഗവത്‌പ്രസാദമായി അനുഭവിയ്ക്കാം.
"ഞാന്‍" തന്നെയാണ് "ഈശ്വരന്‍/പരബ്രഹ്മം" എന്നു പറയുമ്പോള്‍ "ഞാനിനെ" ഈശ്വരന്‍ വരെ ഉയര്‍ത്തിയിട്ടു വേണം മനസ്സിലാക്കാന്‍. അല്ലാതെ "ഞാനിനെ" നില്‍ക്കുന്നിടത്തു നിര്‍ത്തി, ഈശ്വരനെയോ ബ്രഹ്മത്തെയോ അങ്ങോട്ടേക്കിറക്കിക്കൊണ്ടുവരരുത്. താഴ്ത്തിക്കൊണ്ടുവന്നാല്‍, "ഞാനിന്റെ" അഹംകാരം കൊണ്ട് കണ്ണുകാണാതാകും.
ഈ അഹംകാരത്തിനു സാധ്യതയില്ല, "വലിയ ഈശ്വരനും" ചെറിയ ഞാനും" എന്നു കരുതിയാല്‍.
ഇതും ഒരു വീക്ഷണം.
ഒന്നും ഒന്നിന്റേയും തിരുത്തലല്ല. ഉപനിഷത്തുക്കള്‍ പലതുണ്ടെങ്കിലും ഋഷിമാര്‍ പലരുണ്ടെങ്കിലും എല്ലാവരും ഒരേയൊരു സത്യത്തെയാണ് ദ്ര്ശിച്ചത്. ഒരേയൊരു സത്യത്തെയാണ് ആത്മജ്ഞാനത്തെയാണ് ശിഷ്യര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതും. പറഞ്ഞുകൊടുക്കുന്ന രീതിയ്ക്കും ഉദാഹരണങ്ങള്‍ക്കും മാത്രമേ വ്യത്യാസമുള്ളൂ.
ബ്രഹ്മം എന്നത്, universal soul, the ultimate cause of the universe അങ്ങനെയങ്ങനെ (ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ കൂടുതല്‍ പറയാന്‍ ശ്രമിയ്ക്കാം) ബുദ്ധിപരമായി(logically) മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല എന്നാണ് എനിയ്ക്കു തോന്നുന്നത്. ഋഷിമാര്‍ ശ്രമിയ്ക്കുന്നത് ബുദ്ധിയ്ക്കു ഭാരമാവാന്‍ ഒരു അറിവ് ഇരിയ്ക്കട്ടെ എന്നല്ല, ആ ജ്ഞാന-ആനന്ദം ശിഷ്യനും കൂടി അനുഭവത്തില്‍ വരുത്തണം എന്നായിരുന്നു. അത് അനുഭവിയ്ക്കാനുള്ള പാകത കിട്ടാന്‍ വളരെ വളരെ പ്രയാസമാണ്. ഋഷിമാരുടെ വാക്കില്‍ വിശ്വാസവും മനസ്സിനും ബുദ്ധിയ്ക്കും ശരീരത്തിനും വേണ്ട പാകതയും ഉണ്ടെങ്കില്‍ അതും സാധിയ്ക്കും. ഓരോ ശിഷ്യനും അവന്റെ അവസ്ഥയറിഞ്ഞ് അവനു മനസ്സിലാക്കാന്‍ ഏറ്റവും പറ്റിയ രീതിയില്‍ പറഞ്ഞുകൊറ്റുക്കുക- അതായിരുന്നു ഋഷിമാര്‍ ചെയ്തത്. അതുകൊണ്ടാണ് ഇത്രയധികം ഉപനിഷത്തുക്കളും കഥകളും. എല്ലാം പറയുന്നത് ഒരേ കാര്യം മാത്രം.
ഡാലീ,
മുകളിലത്തെ എന്റെ കമന്റ് വലിപ്പക്കൂടുതല്‍ കാരണമാണോന്നറിയില്ല, സ്റ്റാമ്പൊട്ടിച്ചയയ്ക്കാന്‍ നന്നേ ബുദ്ധിമുട്ടി. കനം കുറയ്ക്കാന്‍ വേണ്ടി, ആമുഖവും നന്ദി(കൈമളണ്ണന്‍-കട്:വക്കാരി) യും വെട്ടിക്കളഞ്ഞു. വിഷയം എനിക്കിഷ്ടപ്പെട്ടതായതുകൊണ്ട്(അതൊന്നും കോളേജില്‍ പഠിച്ചതല്ല കേട്ടോ) എനിയ്ക്കറിയുന്നത് പറഞ്ഞെന്നേയുള്ളൂ. കൂടുതല്‍ വിവരമുള്ളവര്‍ സഹായിക്കുമല്ലോ.
ഇതെല്ലാം കൂടി ഒരു പോസ്റ്റാക്കിയാലോ എന്നൊരു ചിന്തയുണ്ട്. അതിനുശേഷം ഇവിടെ നിന്നും ഈ കമന്റ് ഡിലീറ്റണമെങ്കില്‍ ഡിലീറ്റിക്കോളൂ.
ഒരു കാലത്ത ജ്യോതിഷവും ജ്യോതിശാസ്ത്രവും ഒന്നായിരുന്നെങ്കിലും, പിന്നീടവ തെറ്റിപ്പിരിഞ്ഞുപോയി. ശാസ്ത്രവും ഒരു കാലത്ത് ഫിലോസഫിയായിരുന്നെങ്കിലും ഇന്ന് ശാസ്ത്രത്തില്‍ മുന്‍തൂക്കം അതിന്റെ ശാസ്ത്രീയതയ്ക്കാണു് (testability, verifyability). ലക്ഷ്യമെന്തന്ന ചോദ്യം അപ്രസക്തമാവുന്നത് ഈ ശാസ്ത്രീയതയ്ക്കു മുന്നിലാണ്. ഒരു പഠനരീതിമാത്രമാവുന്നതും അതുകൊണ്ടാണ്. വേദം അറിവാണെങ്കില്‍ അതിനെ വേരിഫൈ ചെയ്യുന്ന രീതി, അതുകോണ്ടാണു മോരും മുതിരയും വേര്‍തിരിവ്.
ഒരു കാര്യം മാത്രം മാറ്റിപ്പറയാം. അദ്വൈതം, വേദം തുടങ്ങി പറയപ്പെടുന്നവയെ വേരിഫൈ ചെയ്യാന്‍ ശാസ്ത്രമുപയോഗിക്കുന്നതില്‍ തെറ്റില്ല. അതിനിപ്പറഞ്ഞ ദുരുഹത നിറഞ്ഞ കണസെപ്റ്റുകള്‍ എങ്ങിനെയൊക്കയോ കൂട്ടിയിണക്കി ശ്രമിക്കുന്നതു എത്രത്തോളം പ്രയോജനപ്പെടുമന്നു കണ്ടറിയണം.
ബൈബിള്‍ അതിന്റെ വിപ്ലവാശയങ്ങള്‍ കൊണ്ടുമാത്രമല്ല നിലനിന്നുപോന്നതെന്നാണെന്റെ വിശ്വാസം; പ്രത്യുത, സഭയുടെ ശക്തിയാവണം അതിനൊരു പ്രധാനനിമിത്തം എന്നാണെനിക്കുതോന്നുന്നത്. ഈ വിഷയത്തില്‍ കൂടുതല്‍ അറിവുള്ളവരുടെ അഭിപ്രായം അറിയാന്‍ കൌതുകമുണ്ട്. പ്രത്യേകിച്ചും, ഇത്രയധികം വിപ്ലവാശയങ്ങളുള്ള (ഇന്നത്തെക്കാലത്തെ അളവുകോലുകള്‍ കൊണ്ടളന്നാല്‍പ്പോലും) ഒരു പുസ്തകത്തെ പൊതുവെ യാഥാസ്തിതികമായ സഭ എങ്ങനെ സഹിക്കുന്നു എന്നും ചിലപ്പോള്‍ ഞാന്‍ അദ്ഭുതപ്പെടാറുണ്ട്.
പിന്നെ വിക്കിയില്‍ പറഞ്ഞിരിക്കുന്ന അനന്തതയും യജുര്‍വേദവും തമ്മിലുള്ള ബന്ധം -- അവിടത്തെ ഇംഗ്ലീഷ് വാക്യങ്ങളില്‍നിന്നു എനിക്കു തോന്നുന്നത് “പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ പൂര്‍ണ്ണമേവാവശിഷ്യതേ” എന്ന ഉപനിഷദ്‌വചനമാണ് ലേഖകന്‍ ഉദ്ദേശിച്ചിരിക്കുന്നതെന്നാണ്‍. ഇന്ത്യാ ഹെരിറ്റേജ്, ദേവന്‍ എന്നിവര്‍ക്ക് ഒരുപക്ഷേ കൂടുതല്‍ പറയാന്‍ കഴിഞ്ഞേക്കും.
ഡാലീ വളരെ നന്നായി. കഴിഞ്ഞ പോസ്റ്റും കമന്റുകളും വായിച്ച് ആ കണ്‍ഫ്യൂസായിരിക്കുമ്പോഴാണ് ഈ ലളിതമായ അപഗ്രഥനം. അസ്സലായിരിക്കുന്നു.
ഇനിയു പ്രതീക്ഷിക്കുന്നു.
ഡാലീ,ഇപ്പോഴാണ് എല്ലാം നന്ദി.മനസ്സിലായത്.ഓഫീസില്‍ വെച്ച് ഓഡിച്ചു വായിക്കാനേ പറ്റുന്നുള്ളൂ.ഇതു പോലെ ഖുര്‍ ആനിലെ പല ആശയങ്ങളും ഇനിയും സധാരണ ജനങ്ങളിലേക്ക് എത്താനുണ്ട്.ഗൌരവമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ഡാലിയുടേയും ജ്യോതി ടീച്ചറുടേയും ശ്രമങ്ങള്‍ക്ക് ആശംസകള്‍
daly said
എന്നാലും ചെറിയ ക്ലാസ്സിലെ നമുക്കറിയാം 10/0 ഇന്‍ഫിനിറ്റി ആണെന്ന്.
ഡാലി
A number divided by zero ഇന്‍ഫിനിറ്റി ആണോ, undefined അല്ലേ.
അനോണി: ശരിയാണ് 10/0 undefined തന്നെ.
10/.0000000000000001( പൂജ്യത്തിന്റെ തൊട്ടടുത്ത് നില്‍ക്കുന്ന സംഖ്യ അല്ലെങ്കില്‍ അപ്രോക്സിമേറ്റ്ലി ഇക്വല്‍ റ്റു സീറൊ) = ഇന്‍ഫിനിറ്റി.
ഇത് ചെറിയ ക്ലാസ്സില്‍ പറഞ്ഞ് കൊടുക്കാന്‍ ബുദ്ധിമുട്ടായത് കൊണ്ടാണ് 10/0= ഇന്‍ഫിനിനിറ്റി എന്നാണ് ആദ്യം പഠിപ്പിച്ചീട്ടുണ്ടാകുക
പിന്നെ 10/0= ഇന്‍ഫിനിറ്റി ആവാതെ undefined ആകുന്നു എന്നതിനു കാരണം ഇതാണ്.
10/0=infinity ആയാല്‍ infinity X 0 = 10 എന്നു കിട്ടണം. infinity എന്താണെന്ന് പറയാന്‍ പറ്റാത്തത് കൊണ്ട് ഗണിതത്തിലെ ആ ഓപ്പറേഷന്‍ പറ്റില്ല. അതുകൊണ്ട് ഏറ്റവും കൃത്യമായ ഉത്തരം 10/0 = undefined (നിര്‍വചിക്കാനവാത്തത്)
ചുരുക്കി പറഞ്ഞാല്‍ അത് ബ്രഹ്മം എന്ന ആശയത്തിന്റെ ഏറ്റവും അടുത്ത് നില്‍ക്കുന്നു.
നന്ദി അനോണി.
അനോനിയോ. ഞാന്‍ എങ്ങനെ അനോനിയായി. ഇപ്പോഴാണ് ശ്രദ്ധിച്ചത്. ഡാലി ഞാനാണ് ആ കമെന്റ് ഇട്ടത് കേട്ടോ.
പിന്നെ ഡാലിയുടെ പോസ്റ്റിനു മറുപടി എഴുതാനുള്ള വിവരം ആയിട്ടില്ല. ദേവേട്ടന്‍ കാണിച്ചു തന്ന പുസ്തകം ഒക്കെ വായിച്ചിട്ട് എന്തെങ്കിലും പറയാന്‍ പറ്റുമോ എന്നു നോക്കാം
പാപ്പേട്ടാ:
സഭയ്ക്ക് ശക്തി വന്നത് നാലഞ്ച് നൂറ്റാണ്ട് കാലത്തെ ക്രൂരമായ രക്തസാക്ഷിത്വത്തിന് ശേഷമാണ്. റോമിലെ കൊളോസിയവും മറ്റും ഇന്നും അതിന്റെ തെളിവികളായി നിലനില്‍ക്കുന്നു. ആ കാലത്ത് ബൈബിള്‍ ആശയങ്ങള്‍ സ്വീകരിക്കപ്പെട്ടത് ഈ വിപ്ലവാശയങ്ങള്‍ കൊണ്ട് തന്നെ. പിന്നീട് കൊണ്‍സ്റ്റന്റിനേപ്പാള്‍ വന്നതിന് ശേഷം സഭ പിടിമുറുക്കിയപ്പോഴാണ് വ്യക്തി ബിംബങ്ങള്‍ക്ക് ഇത്രയേറെ പ്രാധാന്യം കിട്ടിയത്. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ എന്ന ബൈബില്‍ ഭാഗത്ത് നാം കാണുന്ന ക്രൈസ്തവര്‍ കമൂണിസ്റ്റ് ആശങ്ങള്‍ നടപ്പാക്കിയവരാണ്. വിപ്ലവാശയങ്ങളെ എറ്റവും അധികം അടിച്ചമര്‍ത്തിയിട്ടാണ് സഭ വളര്‍ന്നത്. സഭാ വളര്‍ച്ച കാലത്ത് ബൈബില്‍ വായിക്കാന്‍ സാധാരണ ജനത്തിന് അനുവാദമില്ലായിരുന്നു. അങ്ങനെ വ്യക്തി ബിംബങ്ങള്‍ ചിരപ്രതിഷ്ഠ നേടി. ഈ അടുത്ത കാലത്ത് കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ വരവോടെയാണ് സാധാരണ ജനം ബൈബിള്‍ വീണ്ടും വായിക്കാന്‍ തുടങ്ങിയത്. (കരിസ്മാറ്റിക്കിന്റെ ഭാഗമായി ഞാന്‍ കാണുന്ന ഒരേ ഒരു ഗുണം). എന്നാലും സഭ ആശയങ്ങള്‍ അടിച്ചമര്‍ത്തികൊണ്ട് തന്നെയാണ് ഇന്നും മുന്നേറുന്നത്.
കൂടുതലെഴുതാന്‍ വേറെ പോസ്റ്റ് വേണം. ശ്രമിക്കാം എന്നെ ഇപ്പോള്‍ പറയാന്‍ പറ്റൂ.
ഓഫ് മാപ്പ് :
(ഡാലി ഓഫ് സഹിക്കാന്‍ മേലാതെ പഴയതിനെ സംസ്കരിച്ചുണ്ടാക്കിയ ഈ പോസ്റ്റിലും ഞാന്‍ ഓഫടിക്കുന്നു മ്യാപ് തരൂ)
അതിപ്പോ ക്രൈസ്തവ സഭയുടെ കഥ മാത്രമൊന്നുമല്ല ഡാലി. വാളെടുത്ത മതങ്ങളേ നില നിന്നിട്ടിള്ളു. മഹാത്യാഗങ്ങളുTeയും സഹിഷ്ണുതയുടെയും മതമായ ബുദ്ധമതം പോലും രാജാക്കന്മാരുടെ കൊടിക്കീഴിലേ വളര്‍ന്നുള്ളു (എഴുതിയത് ആനന്ദ്, അഭയാര്‍ത്ഥികള്‍ എന്ന നോവലില്‍)
പഴയ ചൈനീസ് വിഹാരങ്ങളിലെല്ലാം വച്ചിരിക്കു ബുദ്ധന്റെ പ്രതിമകളില്‍ ഇരുവശത്തുമായി പടവാളുമായി നില്‍ക്കുന്ന രണ്ട് അര്‍നോള്‍ഡ് ശിവശങ്കരന്മാരെ കാണാം - ഉപവനവിഹാരം [ഷാവൊലിന്‍ റ്റെമ്പിള്‍] രേഖകളില്‍ ഇവരെ ബുദ്ധന്റെ അംഗരക്ഷകരായും മഹായാനങ്ങളിലെല്ലാം അതാതു രാജ്യത്തിന്റെ പട്ടാളക്കാര്‍ ബുദ്ധസന്യാസിമാര്‍ക്കു മുന്നില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തിയെന്നും കാണുന്നു.[ വിശദീകരിച്ചെഴുതിയത് ദേവരാഗം, ഈ കമന്റില്‍]
ഡാലി പ്രണാമം.
പലയിടത്തായി ചിതറിക്കിടന്ന കുറച്ചറിവുകളെ, അതിലേറെ അറിയാന്‍ മറന്നുപോയവയെ, അവഗണിച്ചവയെ എല്ലാം വൃത്തിയായി അടുക്കി വച്ച് അത് ക്ഷമയോടെ വായിക്കാന്‍ പ്രേരിപ്പിച്ചതിന്.
അടുക്കും ചിട്ടയോടും കൂടി ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് ഒരിക്കല്‍ കൂടി നന്ദി.
ചര്‍ച്ചകള്‍ നടക്കട്ടെ.
ഒരു മൂലയ്ക്കിരുന്ന് കേട്ടുകൊള്ളാം.
കേള്‍ക്കാനുള്ള ഈ മനസ്സുപോലും
പാതിവഴിയ്ക്ക് എനിക്ക് നഷ്ടപ്പെട്ടതാണ്.
സന്തോഷമുണ്ട് അതു തിരിച്ചുക്കിട്ടിയതിന്.
(താല്ക്കാലികമായിട്ടാണെങ്കില്‍ പോലും?)
അപ്പോള്‍ പാപ്പേട്ടന്റെ സംശയം പരിഹരിക്കപ്പെട്ടു എന്നു വിശ്വസിക്കാം അല്ലേ ദേവേട്ടാ.
ഇത്തരത്തിലുള്ള ഓഫുകള്‍ ചര്‍ച്ചയെ ബാധിക്കാത്തിടത്തോളം, നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം. നല്ല കുറച്ച് കാര്യങ്ങള്‍ കൂടി മനസ്സിലാകുമല്ലോ.
ദേവേട്ടാ, ബുക്കൊക്കെ കാണിച്ച് പേടിപ്പിക്കാതെ കാര്യകാരണസഹിതം കാര്യങ്ങള്‍ വിവരിക്കൂ.
ജ്യോതി എഴുതിയതൊക്കെ മനസ്സിലാക്കി വരുന്നു. നന്ദി. കാര്യങ്ങള്‍ പോസ്റ്റായി ഇട്ടാലും മതി. ഈ ചര്‍ച്ചയിലേക്ക് ഒരു ലിങ്ക് കൊടുത്താല്‍ പെരുത്ത് സന്തോഷം.
പെരിങ്ങോടര്‍, ഷിജു: കമന്റുകള്‍ ഇടുമെന്ന് പ്രതീക്ഷിക്കുന്നു.
നളന്‍: പറയുന്നത് ശ്രദ്ധിക്കുന്നുണ്ട്. ഉത്തരം അവസാനം
ദില്‍ബൂ, ഇത്തിരി, വല്യമ്മായി, സാക്ഷി: നന്ദി, കാര്യങ്ങള്‍ മനസ്സിലാകുന്നു എന്നറിഞ്ഞതില്‍ സന്തോഷം
വാള്‍ത്തലയിലൂടെയല്ലാതെ എന്ത് കൊണ്ട് മതങ്ങള്‍ പ്രചരിക്കുന്നില്ല?പുരോഹിതരിലൂടെയല്ലാതെ എന്ത് കൊണ്ട് അറിവ് നേരിട്ട് വിശ്വാസികള്‍ക്ക് ലഭിക്കുന്നില്ല? അറിവിനും വിശ്വാസിക്കുമിടയിലുള്ള പുരോഹിതന്‍ എന്ന ദ്വിഭാഷിയെ ഒഴിവാക്കിയാല്‍ മതത്തിന്റെ ഭാഗമെന്ന് കണക്കാക്കുകയും ആരോപിക്കപ്പെടുകയും ചെയ്യുന്ന പല വികൃതമായ ആചാരങ്ങളും ഇല്ലാതാകുമെന്ന് ബ്രാഹ്മണ്യത്തിന്റെ പിടിയില്‍ നിന്ന് അയഞ്ഞ വേദങ്ങളും പുരാണങ്ങളും കാണിച്ചില്ലേ?
അയ്യോ.. അത് ഓഫായി. മാപ്പ് തരൂ.
(കുന്നംകുളം ഇതിലെവിടെയാണാവോ?)
ഡാലി
പുസ്തഹം പുളിശ്ശേരിപ്പാത്രത്തിന്റെ അവിടെ തന്നെ ഇരിക്കുന്നതു കാരണം ക്വാട്ടാന്‍ വയ്യാ. വീട്ടിലെത്തിയാല്‍ ഉടന്‍ പാപ്പാന്‍ പറഞ്ഞ ശാന്തിമന്ത്രം കണ്‍ഫേം ചെയ്യാം. സംസ്കൃതത്തിന്റെ അസ്കിത നമുക്കില്ലാത്തതുകൊണ്ട് മെമ്മറിയില്‍ വരുന്നത് ഇവിടെ ക്വാട്ടിക്കൂട്ടുന്നതില്‍ പിശകിയാല്‍ തിരുത്തുംവരെ ക്ഷമിക്കണേ
ശാന്തിമന്ത്രം വേദാന്ത ക്ലാസ്സുകള്‍ തുടങ്ങും മുന്നേ ഓതിക്കനും കുട്ടികളും ഒന്നിച്ചു ചൊല്ലുന്ന ഒരു പ്രാര്‍ത്ഥനയാണ് . ഇനി എന്റെ ചെവിയേല്‍ ഇരിക്കുന്ന കായത്തിനു പുറത്ത് ഈയം ആരെങ്കിലും ഒഴിക്കുമോന്നു ഭയന്ന് ഞാനോതിയിട്ടില്ല കേട്ടോ. സംഭവം ഇങ്ങനെ ആണ്
" പൂര്‍ണ്ണമദ പൂര്‍ണ്ണമിദം
പൂര്‍ണ്ണാദ് പൂര്‍ണ്ണമുദച്യതേ
പൂര്‍ണ്ണസ്യ പൂര്‍ണ്ണമാദായ
പൂര്‍ണ്ണമേവാവശിഷ്യതേ"
മലയാളീകരിച്ചു വിട്ടാല്‍ "അത് (ബ്രഹ്മം) പൂര്‍ണ്ണം ഇത് (പ്രപഞ്ചം) പൂര്‍ണ്ണം, (കാരണമെന്തെന്നു വച്ചാല്‍)
പൂര്‍ണ്ണമായതില്‍ നിന്നും ജന്യമാകുന്ന (എന്തും) പൂര്‍ണ്ണമായിരിക്കും. പൂണ്ണമായതില്‍ തിന്നും എടുത്തു വയ്ക്കുന്നതും പൂര്‍ണ്ണമായിരിക്കും, എടുത്തു കഴിഞ്ഞാലും (ബാക്കി )പൂര്‍ണ്ണമായി തന്നെ അവശേഷിക്കുമയും ചെയ്യും.
ബ്രഹ്മം (വിശദീകരിക്കാം, ഒരു മണിക്കൂര്‍ ബ്ലോഗ്ഗന്‍ ഗ്യാപ്പ് കിട്ടിയാല്‍ ആദ്യത്തെ പോസ്റ്റ് ആയി ) മാത്രമായിരുന്നു ആദ്യം. അതില്‍ നിന്നുമാണ് ശബ്ദമുണ്ടായത് അതില്‍ നിന്നാണു രശ്മിയുണ്ടായത്. ഇതു രന്റില്‍ നിന്നാണു
വിശ്വ്മുണ്ടായത്. അതിനാല്‍ വിശ്വവും പൂര്‍ണ്ണമാണ്.
വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്റെ പഴയ എം വി ഡിബേറ്റര്‍ ചരണ്‍ ഇതിനെ ഇങ്ങനെ ആണു വിശദീകരിക്കാറ്. സമുദ്രമെന്ന ജലാശയത്തില്‍ നിന്നും കോരുന്ന ഒരു കൈ വെള്ളം സമുദ്രജലം, അതു കോരിക്കഴിഞ്ഞാല്‍ ബാക്കിയുള്ളത് നേരത്തേയുള്ളത്ര സമുദ്രജലം കാരണം സമുദ്രത്തില്‍ നിന്നും മറ്റൊന്നുമു കോരാന്‍ കഴിയുന്നില്ല.
ഇതിനെ മാത്തെമാറ്റിക്കലാക്കി
ബ്രഹ്മം /n = ബ്രഹ്മം,
ബ്രഹ്മം - n = ബ്രഹ്മം,
ബ്രഹ്മം-ബ്രഹ്മം = ബ്രഹ്മം .
[ അഡിറ്റീവ്, മള്‍ട്ടിപ്പ്ലികേറ്റീവ് റൂളുകള്‍ ഇല്ല, കാരണം ബ്രഹ്മത്തിനോട് പെരുക്കാനോ കൂട്ടാനോ ഒന്നും ബാക്കിയില്ലല്ലോ.]
ശാന്തിമന്ത്രം സ്ഥിരമായി ചൊല്ലുന്നവര്‍ക്ക് ബ്രഹ്മഞ്ജാനം വേഗം കിട്ടുമത്രേ . കിട്ടിക്കഴിഞ്ഞവരുടെ സ്വയമ്പ്രഭ ആരോ ദേ ഇങ്ങനെ വര്‍ണ്ണിച്ചു
" അന്തര്‍ജ്ജ്യോതി ബഹിര്‍ജ്യോതി
പ്രത്യജ്ജ്യോതി പരസ്പരം
ജ്യോതിര്‍ജ്യോതി സ്വയംജ്യോതി
ആത്മജ്യോതി പരംജ്യോതി"
ഇതു കേട്ടാല്‍ എതു ജ്യോതിയെ ഓര്‍ക്കും നമ്മള്‍? :)
വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്റെ പഴയ എം വി ഡിബേറ്റര്‍ ചരണ്‍ ഇതിനെ ഇങ്ങനെ ആണു വിശദീകരിക്കാറ്. സമുദ്രമെന്ന ജലാശയത്തില്‍ നിന്നും കോരുന്ന ഒരു കൈ വെള്ളം സമുദ്രജലം,സമുദ്രത്തില്‍ നിന്നും മറ്റൊന്നുമു കോരാന്‍ കഴിയുന്നില്ല.
അതു കോരിക്കഴിഞ്ഞാല്‍ ബാക്കിയുള്ളത് നേരത്തേയുള്ളത്ര സമുദ്രജലം. എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ.
ദേവേട്ടാ,
പോസ്റ്റാക്കാന്‍ വകുപ്പുള്ള കമന്റാണല്ലോ. വരാന്‍ പോകുന്ന ബ്രഹ്മപ്പോസ്റ്റില്‍ ചേര്‍ത്താല്‍ മതി.
(ഓടോ:ബ്രഹ്മചാരിയും പരബ്രഹ്മവും തമ്മില്‍ എന്തെങ്കിലും ബന്ധം കാണാതിരിക്കുമോ?)
പരബ്രഹ്മം ഒരു പോത്താണെന്ന് ബ്രാഹ്മണര്‍ കളിയായി ഉപദേശിച്ച ജ്ഞാനേശ്വരന്റെ കഥ ഓര്‍മ്മ വരുന്നു. വിശ്വാസത്തിന്റെ ബലത്തില്‍ പോത്തിന്റെ രൂപത്തില്‍ തന്നെ അദ്ദേഹം ബ്രഹ്മത്തെ ദര്‍ശിച്ചു എന്നാണ് എന്റെ ഓര്‍മ്മ.
qw_er_ty
"വിശദീകരിക്കാന്‍ ബുദ്ധിമുട്ടാണ് എന്റെ പഴയ എം വി ഡിബേറ്റര്‍ ചരണ്‍ ഇതിനെ ഇങ്ങനെ ആണു വിശദീകരിക്കാറ്. സമുദ്രമെന്ന ജലാശയത്തില്‍ നിന്നും കോരുന്ന ഒരു കൈ വെള്ളം സമുദ്രജലം, അതു കോരിക്കഴിഞ്ഞാല്‍ ബാക്കിയുള്ളത് നേരത്തേയുള്ളത്ര സമുദ്രജലം കാരണം സമുദ്രത്തില്‍ നിന്നും മറ്റൊന്നുമു കോരാന്‍ കഴിയുന്നില്ല."
ദേവേട്ടാ ഇതു വിശദീകരിക്കാന്‍ ഗണിതത്തിനു ഒരു പാടുമില്ല
വിക്കിയില്‍ നിന്ന് ഇന്‍ഫിനിറ്റിയുടെ ഓപ്പറേഷന്‍സ്
ഇവിടെ.
X + infinity = infinity
X - infinity = -infinity
ഗണിതത്തില്‍ ഇന്‍ഫിനിറ്റിയുടെ അതിര്‍ത്തി + & - ഇല്‍ നില്‍ക്കുന്നത് ഓപ്പറേഷന്‍സ് തെറ്റിപോകതിരിക്കാനാണ് (അല്ലേ?)
+ ഇന്‍ഫിനിറ്റി + (-ഇനിഫിനിറ്റി) എന്താണെന്നു ഗണിതക്കാര്‍ മിണ്ടുന്നില്ല. അതു Undefined operations ആണ്
ഡാലീ,
എന്റെ കുറച്ചു് അഭിപ്രായങ്ങള്‍ ഇവിടെ ഇട്ടിട്ടുണ്ടു്.
ദേവരാഗംജീ
താങ്കളുടെ പോസ്റ്റിനായി കാത്തിരിയ്ക്കുന്നു. ഒരപേക്ഷയുണ്ട്, എനിയ്ക്കും കൂടി മനസ്സിലാവുന്ന തരത്തിലെഴുതണേ. ഒരു ബഡുവൈസറെ തപ്പിത്തപ്പി ഞാന്‍ നോക്കാത്ത ഇംഗ്ലീഷ്ണിഘ്ണ്ടുവുമില്ല, സംസ്കൃതമാവേര്‌ക്ക്യോ ന്ന് കരുതി അതും നോക്കി. വക്കാരിയുടെ "വടവരി" പോലെ വല്ലതുമാണോന്നറിയാന്‍ ബ്ലോഗുനിഘണ്ടു തപ്പിനടക്കുകയായിരുന്നു. പറ്റിയ പറ്റ് ഇപ്പോഴേ മനസ്സിലായുള്ളൂ:-))
ശങ്കരാചാര്യരുടെ "ബ്രഹ്മജ്ഞാനാവലീമാലാ" എന്ന പ്രകരണം(വേദാന്ത-പ്രകരണഗ്രന്ഥം) (ആകെ 20ല്‍ താഴെ ശ്ലോകങ്ങളേ ഉള്ളൂ ഇതില്‍ എന്നാണെന്റെ ഓര്‍മ്മ)
[അച്ഛന് കാഴ്ച്ചക്കു വിഷമമുള്ളതുകൊണ്ട്, വായിച്ചു കൊടുക്കാറുണ്ട് അതുകൊണ്ട് ഓര്‍മ്മ വരുന്നു-]
ആമുഖശ്ലോകത്തിനുശേഷം ഈ ശ്ലോകം കൊണ്ടാണതു തുടങ്ങുന്നത്.
അസംഗോऽഹമസംഗോऽഹം
അസംഗോऽഹം പുനഃപുനഃ
സച്ചിദാനന്ദരൂപോऽഹം
അഹമേവാഹമവ്യയഃ
[ശ്രദ്ധയും വിശ്വാസവുമുണ്ടെങ്കില്‍, ഇവിടെ കായവും ഈയവും പുരുഷനും സ്ത്രീയും ഒന്നും വിഷയമേയല്ലല്ലോ]
ജ്യോതി ഇതാ ഇവിടെ.
അവസാനത്തെ ശ്ലോകമാണിത്.
അന്തര്‍ജ്ജ്യോതിര്‍ബ്ബഹിര്‍ജ്ജ്യോതിഃ
പ്രത്യക്‍ജ്യോതിഃ പരാത്‌പരഃ
ജ്യോതിര്‍ജ്ജ്യോതി: സ്വയം ജ്യോതിഃ
ആത്മജ്യോതിഃ ശിവോऽസ്മ്യഹം
ശിവഃ എന്നാല്‍ മംഗളസ്വരൂപന്‍ auspecious (roopavum bhaavavum kalppikkaNamennilla)
ദില്‍ബൂ ബ്രഹ്മചാരി എന്നാല്‍ ബ്രഹ്മത്തെ (പരമമായ ജ്ഞാനത്തെ) അറിയാന്‍ ഒരുങ്ങിപ്പുറപ്പെട്ടവന്‍, ആ വഴിയില്‍ അന്വേഷണം തുടരുന്നവന്‍ എന്നാണ് ശരിയായ അര്‍ഥം. (സത്യാന്വേഷണവഴിയില്‍ ചരിയ്ക്കുന്നവന്‍).
ഗുരുകുലത്തിലെ അന്തേവാസികള്‍ (ശിഷ്യന്മാര്‍) ഈ ജ്ഞാനം കിട്ടുന്നതുവരെ ശ്രദ്ധ മറ്റുപലതിലേയ്ക്കുമായി പതറാതെ വസിയ്ക്കുന്നു. അതുകൊണ്ട് ബ്രഹ്മചാരി എന്നതിന് വിദ്യാര്‍ഥി എന്നും പറയാം. ശിഷ്യന് പാകത വന്നു എന്നു ബോധ്യമായാല്‍ സമാവര്‍ത്തനം(ഗ്രാജ്വേഷന്‍) ചടങ്ങും നടത്തി, "ഇനി നിനക്ക് വേണമെങ്കില്‍ അനുയോജ്യയായ ഒരുവളെ പത്നിയായി സ്വീകരിച്ച്, അവളോടുകൂടെ ധര്‍മ്മമനുഷ്ഠിച്ച് ഗൃഹസ്ഥനാവാം" എന്ന് പറഞ്ഞാണ് ഗുരു വിട്ടയക്കുക.
അതായത് ഗൃഹസ്ഥനാവുമ്പോള്‍ ബ്രഹ്മചാരിയല്ലാതാവുന്നു. പിന്നെപ്പിന്നെ ബ്രഹ്മചര്യം എന്നാല്‍ ഇപ്പോള്‍ പ്രചാരത്തിലുള്ള അര്‍ഥം മാത്രമായി:-)
ജ്യോതിറ്റീച്ചര്‍ അദ്വൈതത്തെ വിശദീകരിച്ചതു വളരെ നന്നായിരിക്കുന്നു. ഒരു വേറെ പോസ്റ്റ് ആയി ഇടാമായിരുന്നില്ലേ.
ഡാലി എനിക്കു പ്രത്യേകം കമന്റുകളൊന്നുമില്ല, സാമ്യം എന്നെഴുതുമ്പോള്‍ സ്വാധീനം എന്നു വായിക്കുവാനാണു താല്പര്യമെങ്കില്‍ എഴുതാതിരിക്കുകയാ നല്ലത്.
Umesh ഒരു കലക്കു കലക്കിയിട്ടുണ്ടല്ലൊ!!!
ഏവിടുന്നു കിട്ടി ഈ സാധനം?
ഡാലീ , ഡാലി Umesh-ഇന്റെ ബ്ലൊഗില്‍ ഇട്ട ആ കൊമ്മെന്റില്‍ ഒരു തെറ്റുണ്ടല്ലൊ. 0/0 indeterminate ആണു. പ്ക്ഷെ 0/0 undefinedum aanu. Wikipedia-(http://en.wikipedia.org/wiki/Indeterminate_form) തെറ്റില്ല. തെറ്റു പറ്റിയതു മുഴുവന്‍ Umesh-നാണു. വെറുതെ mathematics-ഇനൊടു വേണ്ട കളി. ആമേയവും(indeterminate), infinity, undefined എല്ലാം ഒന്നായി കാണുന്ന Umesh-ന്റെ logic-നെ വിശദീകരിക്കാന്‍ സര്‍വവും ബ്രഹ്മ മയം എന്ന Indian സാധനം വേണ്ടി വരും. mathematics ഒരുപാടു മുന്നേറി. Closed set open set ഒക്കെ മറന്നു അല്ലെ? അടി മേടിക്കുമേ, കൂടെ impossision-ഉം തരും.
Umesh, ആ ബ്ലൊഗിലെ തെറ്റെല്ലാം തിരുത്തി ഒന്നുക്കൂടെ ഇടൂ.
ബ്ലൊഗില്‍ പുരൊഗതി ഉണ്ടു. Scientist-കള്‍ അവസാനം വേദാന്തികലാകുന്നതു കണ്ടിട്ടില്ലേ, അതുപേലെ വേദം മനസ്സിലാക്കാന്‍ ഇറങുന്നവര്‍ അവസാനം mathematics-ല്‍ വന്നടിയും. അപ്പോള്‍ mathematics നല്ലപോലെ മനസ്സിലാക്കണം. philosophy-യെ interpret ചെയ്യുന്നപോലെ mathematics-നെ interpret ചെയ്യരുതു. Postulates, hypothesis, rules, axioms etc... constraints-കള്‍ക്കുള്ളില്‍ ബന്ധിതമാണു mathematics.
Anonymous said...
Umesh ഒരു കലക്കു കലക്കിയിട്ടുണ്ടല്ലൊ!!!
ഏവിടുന്നു കിട്ടി ഈ സാധനം?
ഡാലീ , ഡാലി Umesh-ഇന്റെ ബ്ലൊഗില്‍ ഇട്ട ആ കൊമ്മെന്റില്‍ ഒരു തെറ്റുണ്ടല്ലൊ. 0/0 indeterminate ആണു. പ്ക്ഷെ 0/0 undefinedum aanu. Wikipedia-(http://en.wikipedia.org/wiki/Indeterminate_form) തെറ്റില്ല. തെറ്റു പറ്റിയതു മുഴുവന്‍ Umesh-നാണു. വെറുതെ mathematics-ഇനൊടു വേണ്ട കളി.
അനോനി ചേട്ടാ,
ഉമേഷ് പറഞ്ഞത് തെറ്റാണ് എന്ന പ്രസ്താവനയും പിന്നെ Postulates, hypothesis, rules, axioms, constraints തുടങ്ങിയ സംഭവങ്ങള്‍ എന്നെ പോലുള്ള മണ്ടന്മാരുടെ ഇട്ടിട്ടുപോകാതെ എന്താണ് ഉമേഷിന്റെ തെറ്റന്ന് സമര്‍ത്ഥിക്കൂ. വെറുതേ mathematics-ല്‍ അതുണ്ട് ഇതുണ്ട് എന്നു പറഞ്ഞതു കൊണ്ടായോ. ഞങ്ങളും ഒന്നു മനസ്സിലാക്കട്ടെ.
കഴിഞ്ഞ പോസ്റ്റിലും അനോനി ചേട്ടന്‍ കുറേ പൊതിയാ തേങ്ങകള്‍ ഇട്ടിട്ടു പോയി (സുദര്‍ശന്‍, Mathematical physics എന്നൊക്കെ പറഞ്ഞ്) അതോടെ ആ സംവാദത്തെ കൊന്നു. വെറുതേ ഇങ്ങനെ പ്രസ്താവനകള്‍ ഇറക്കിയിട്ടു പോകാതെ കാര്യ കാരണ സഹിതം വിശദീകരിക്കൂ. ഈ പാവങ്ങളും ഗണിതം കുറച്ചു മനസ്സിലാക്കട്ടെ.
ആാാാ..സോറി ഫോര്‍ ദ ഓഫ് ഡാലിക്കുട്ടി,
എന്നാലും ഇപ്പളാണ് എനിക്കൊരു സംഗതി മനസ്സിലായത്..
അനോണിമസ് എന്നു ഇടുന്ന കമന്റുകള്‍ ഒന്നും പിന്മൊഴിയില്‍ വരില്ലല്ല്ലേ? വെരി ഗുഡ്! നന്നായി അത്..! അത് എനിക്കിഷ്ടപ്പെട്ടു!
ആമേയവും(indeterminate), infinity, undefined എല്ലാം ഒന്നായി കാണുന്ന
അനോണിച്ചേട്ടന്‍ ഇങ്ലിഷിലാണു മലയാളം പഠിച്ചതെന്നു തോന്നുന്നു
ഒകെ, ഞാന്‍ കഴിയും വിധം ശ്രമിക്കാം ഷിജു...
പഴയ anony ഞാനായിരുന്നു. ഇനി സ്വന്തം പേരില്‍ എഴുതാം.
iNFINITY മനസ്സിലാക്കാന്‍ ഒരു പാടുമില്ലെന്ന ഉമേഷിന്റെ comment മുതല്‍ തുടണ്‍ഗാം.
iNFINITY ഒരു limit ആണോ? ആല്ല.
lt x-> 0 1/(1-X) ആണു iNFINITY മനസ്സിലാക്കാന്‍ mathamaticians ഉപയോഗിക്കുന്ന ഏറ്റവും easy method. 1/(1-X) യെ Fourier expansion നടത്തിയ ശേഷം ആ lt x-> 0 എന്നൊന്നു കൊടുത്തു നോക്കു, അപ്പോള്‍ IINITY ചെറുതായി ഒന്നു മന്സ്സിലാകും.
umesh said "
പറഞ്ഞാല്‍, 0 എന്നതിനു പകരം പൂജ്യത്തോടു് അല്പം മാത്രം കൂടുതലായ ഒരു സംഖ്യ സങ്കല്പിക്കുക. 0.00000….00001 എന്നിരിക്കട്ടേ. അതു് എത്ര കൂട്ടിവെച്ചാല്‍ 10 ആകും? വളരെ വലിയ ഒരു എണ്ണം. ഈ സംഖ്യ പൂജ്യത്തോടു് അടുക്കുന്തോറും ഈ എണ്ണം കൂടിവരും“
ഇതു ശരി...
umesh said "
അപ്പോള്‍ അതു പൂജ്യമാകുമ്പോള്‍ ഉള്ള എണ്ണമാണു് ഇന്‍ഫിനിറ്റി. (ഇനി മുതല്‍ “അനന്തം” എന്നു വിളിക്കുന്നു.)“
ഇതു തെറ്റു....
കാരണം,
നമ്മള്‍ ഒരു mathamaticial operation നറ്റത്തുമ്പൊള്‍ ഒരു set ആദ്യമേ define ചെയ്യണം. ആ സെറ്റിനുള്ളില്‍ multiplication operation define ചെയ്താല്‍ division എന്ന operationഉം define ചെയ്യാന്‍ സാധിക്കണം. പൊരതതിനു multiplication operation-ന്റെ inverse ആയിരിക്കണം division.
0 കൊണ്ടുള്ള division സാധ്യമായാല്‍ inverse operation ആയ multiplication നിലനില്‍ക്കില്ല(not exist).
(1) .....(mult 0)-> (0)
(?) <-(dev 0) (0)
ഇതില്‍ ഇട്തു വശ്ത്തെ () ഒരു സെറ്റും വലതു വശത്തെ () വേറെ ഒരു സെറ്റും ആണു. ഇടക്കുള്ളതു മാതതമറ്റികല്‍ operation
Inverse operator exist ചെയ്യാത്തതു കൊണടാണു division by 0 undefined ആയതു. ഇതു പല രീതിയിലും പല ഉദാഹരണങല്‍ സഹിതം പലരും നെരിട്ടും അല്ലാതെ പല ലിങ്കുകളിലൂടെയും പറഞ്ഞു കണ്ടു.
ഇപ്പൊള്‍ ഷിജുവിനു
“philosophy-യെ interpret ചെയ്യുന്നപോലെ mathematics-നെ interpret ചെയ്യരുതു. Postulates, hypothesis, rules, axioms etc... constraints-കള്‍ക്കുള്ളില്‍ ബന്ധിതമാണു mathematics." എന്നതില്‍ കാര്യമുണ്ടെന്നു മന്സ്സിലായില്ലെ?
ഉമേഷ് നടത്തിയിട്ടുള്ള എല്ലാ division by 0 യും തെറ്റാണു. ഉമേഷ് പറയാന്‍ ശ്രമിച്ചതിന്റെ backbone തന്നെ തെറ്റാണു.
അനുരണനം/അനോനിയേ ഇതു സംഭവം കൊള്ളാം.
ഒറ്റ വായനയില്‍ ഒന്നും മനസ്സിലായില്ല. ഒന്ന് മനസ്സിരുത്തി വായിച്ചിട്ട് എന്തെങ്കിലും പറയാം. എതായാലും താങ്കള്‍ക്ക് ഇതൊക്കെ അറിയുന്ന സ്ഥിതിക്ക് ഈ സംവാദത്തില്‍ താങ്കള്‍ ആക്ടീവ് ആകും എന്നു കരുതുന്നു. ഞനൊക്കെ ഇവിടെ പൊട്ട കണ്ണന്‍ മാവേലെറിയുന്ന മാതിരി/ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ ഇത്യാദി ചൊല്ലകള്‍ യാത്ഥാറ്ര്ത്യമാകാന്‍ വേണ്ടി എവിടെ വന്ന് അഭിപ്രായം പറയുക അല്ലേ.
എങ്കിലും ഒന്ന് പറയാതെ വയ്യ. ഈ മറുപടി ഉമേഷ്ജിയുടെ ബ്ലോഗ്ഗില്‍ ഇടുന്നതായിരുന്നു നല്ലത്. ഇവിടെ ഈ വിഷയത്തെകുറിച്ചുള്ള താങ്കളുടെ അഭിപ്രായം എഴുതൂ. ഞാന്‍
“A number divided by zero ഇന്‍ഫിനിറ്റി ആണോ, undefined അല്ലേ“ എന്ന ഒരു ചോദ്യം ചോദിച്ചതു കൊണ്ടാ ഇപ്പോള്‍ ഇങ്ങനെ ഒരു സംവാദം ഇവിടെ നടന്നത്. ഈ പോസ്റ്റിന്റെ വിഷയം അതല്ലല്ലോ?
ഒരു തെറ്റു പറ്റി,ക്ഷമിക്കൂൂൂ.....
limit x->1 1/(1-x)
എന്നു തിരുത്തി വയിക്കൂ...
x->0 എന്നു എഴുതിയിരിക്കുന്നതു മുഴുവന്‍ തെറ്റാണു
x->1 എന്നതാണു ശരി..
ഡാലീ,
എന്റെ ലേഖനത്തെ ആധികാരികമായി കരുതി മുന്നേറുന്നതില്‍ എത്രത്തോളം കാര്യമുണ്ടാവും എന്നെനിയ്ക്കറിയില്ല.
എനിയ്ക്കു താത്‌പര്യമുള്ള വിഷയമായതുകൊണ്ട് ധാരാളം പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ട്. ചിലതെല്ലാം പല ആവര്‍ത്തി വായിച്ചിട്ടുണ്ട്. ഓരോന്നിലും ഓരോ തരത്തിലാണല്ലോ എന്ന കണ്‍ഫ്‌യൂഷന്‍ എനിയ്ക്കിതുവരെ തോന്നിയിട്ടില്ല. എല്ലാമെല്ലാം അനുപൂരകങ്ങളായിട്ടേ തോന്നിയിട്ടുള്ളൂ. വായനമാത്രമല്ല, കുറച്ചൊക്കെ ഇതേപ്പറ്റി ചിന്തിച്ചിട്ടുമുണ്ട്.
ഈശ്വരന്‍ ("ദൈവം" എന്നാല്‍ സംസ്കൃതത്തില്‍ "വിധി" എന്നാണ് അര്‍ഥം). ആരാണ്? സ്തുതിയ്ക്കുന്നവനെ പൊക്കിനടക്കുകയും സ്തുതിയ്ക്കാത്തവനെ ശിക്ഷിയ്ക്കുകയും ചെയ്യുന്ന ഒരു പക്ഷപാതിയല്ല എനിയ്ക്ക് ഈശ്വരന്‍. (കഷായം കഴിച്ചാല്‍ അമ്മ ശര്‍ക്കര തരും എന്നു പറയുന്നതുപോലെയാണ് പ്രാര്‍ത്ഥിച്ചാല്‍ ധനം കിട്ടും, മാര്‍ക്ക് കിട്ടും, അസുഖം മാറും എന്നൊക്കെ പറയുന്നത്. കഷായം കഴിച്ചാല്‍ അമ്മ തരും ശര്‍ക്കര. പക്ഷേ വലുതാവുമ്പോഴെങ്കിലും തിരിച്ചറിയണമല്ലോ ശര്‍ക്കരയേക്കാള്‍ വലിയൊരു നേട്ടം തനിയ്ക്കു കിട്ടിയെന്നും കിട്ടാനുണ്ടെന്നും.
ശുദ്ധമായ മഴവെള്ളം സംഭരിയ്ക്കണമെങ്കില്‍ ശുദ്ധമായ പാത്രം തുറന്നു വെയ്ക്കണം. നേരേവെയ്ക്കണം. മറിഞ്ഞുപോയാല്‍, ചെരിഞ്ഞുപോയാല്‍ വെള്ളം അതില്‍ നിറയില്ല. അതുപോലെ ഈശ്വരന്റെ കരുണ എനിയ്ക്കെന്താ കിട്ടാത്തത് എന്നു തോന്നുമ്പോള്‍ കരുണ വന്നെത്തേണ്ട ഹൃദയം ശുദ്ധമാണോ, അതു നേരേയാണോ, അതോ കമിഴ്ന്നുകിടക്കുകയാണോ, മറിഞ്ഞുചെളിവെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണോ എന്നു ആത്മപരിശോധനയ്ക്കു കാലമായി എന്നറിയണം...
ചിന്തിയ്ക്കാന്‍ തുടങ്ങിയത്,
ഇത്തരം ചിന്തകളിലൂടെ. ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിയ്ക്കുന്നുമുണ്ട്.
പറഞ്ഞുവന്നത്, ഏതു പുസ്തകത്തില്‍ എത്രാം പേജില്‍ പറഞ്ഞു എന്നു തുടങ്ങിയ കാര്യങ്ങള്‍ എന്റെ കുറിപ്പുകളില്‍ ഇല്ല എന്ന് ശ്രദ്ധിയ്ക്കണം എന്നാണ്. ആധികാരികലേഖനം എന്നു പറയണമെങ്കില്‍ പറയുന്ന ഓരോ കാര്യത്തിനും ഇത്തരം പിന്‍ബലങ്ങള്‍ (പ്രത്യേകിച്ചും ശാസ്ത്രീയ ലേഖനങ്ങള്‍ക്ക്) വേണമല്ലോ. പക്ഷേ ഒരു കാര്യം എനിയ്ക്കുറപ്പിച്ചു പറയാം. ഞാനെഴുതിയകാര്യങ്ങള്‍ ഞാനുണ്ടാക്കിയതല്ല. അങ്ങേയറ്റം ഞാനാദരിയ്ക്കുന്ന ഋഷിപരമ്പര (അവര്‍ സ്വന്തം പേര് എഴുതിച്ചേര്‍ക്കണമെന്നു ചിന്തിയ്ക്കാതെ അറിവ് പരമ്പരകളിലേയ്ക്കു പകരണം എന്നു കരുതിയിരുന്നവരായിരുന്നു) പറഞ്ഞു തന്നതില്‍ നിന്നും ആണ്. ഞാന്‍ പറഞ്ഞകാര്യങ്ങള്‍ എന്റെ (ഇടുങ്ങിയതാവാം) ബുദ്ധിയ്ക്കും യുക്തിയ്ക്കും തീര്‍ച്ചയായും ബോധ്യപ്പെട്ട കാര്യങ്ങളാണ്.
ആരും എന്തിനെപ്പറ്റി പറയുന്നതും അയാള്‍ക്കു ബോധ്യമായവിധത്തിലാവുമല്ലോ. അതുകൊണ്ട് ആധികാരികതയുണ്ടാവില്ലല്ലോ:-(
ജ്യോതി, ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞല്ലോ ഒരിത്തിരി ഞാനും വായിച്ചീട്ടുണ്ട് അദ്വൈതമെന്ന്.
(കാരണവും കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞു). ആ വായനയില്‍ ഒന്നും തന്നെ ഇത്ര ലളിതമായ ആഖ്യാന ശൈലി ഞാന്‍ കണ്ടില്ല. ഒരുപക്ഷേ ഞാന്‍ കാണാഞ്ഞിട്ടാവാം.
പിന്നെ ചര്‍ച്ചയില്‍ ആധികാരികമായി ഖോട്ട് ചെയ്യേണ്ട് ആവശ്യം ഇല്ലായിരുന്നു. ശാസ്ത്രത്തെ പറ്റി പറഞ്ഞതും എല്ലാം ഖോട്ടൊടു കൂടെ ആയിരുന്നില്ലല്ലോ.
ഫിലൊസഫിയും ശാസ്ത്രവും താരതമ്യത്തിനൊരുങ്ങുന്നൊരാളുടെ മാത്രം പ്രതിബദ്ധതയാണ് അതിന്റെ ആധികാരികത ശരിയാക്കല്‍. അതായത് ഇവിടെ എന്റെ മാത്രം. സംശയം തോന്നുന്നവര്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അവകാശമുണ്ട്.
അതുകൊണ്ട് ജ്യോതിയ്ക്ക് താത്പര്യമുണ്ടെങ്കില്‍ തുടര്‍ന്നെഴുതണം. ആധികാരികതയെ കുറിച്ചോര്‍ത്ത് ജ്യോതി എഴുതാതിരിക്കരുത്.സ്വന്തം പോസ്റ്റായി ഇട്ടാല്‍ മതി. ഇങ്ങോട്ട് ലിങ്ക് ചെയ്താല്‍ സന്തോഷം. അല്ലെങ്കില്‍ ഞാന്‍ ലിങ്ക് ചേര്‍ത്തോളാം.
നീളമുള്ള വഴികള്‍ എന്ന എന്റെ പോസ്റ്റിങ്ങിനു ഡാലി എഴുതിയ കമന്റ് രണ്ടു ദിവസം മുന്‍പാണ് കണ്ടത്. (ബ്ലോഗിന്റെ വഴികള്‍ ഇപ്പൊഴും പഠിച്ചു വരുന്നതേ ഉള്ളു, പിന്നെ സമയക്കുറവും), അതിനെ പിന്തുടര്‍ന്നു ഇന്നാണു ഡാലിയുടെ ഈ അദ്വൈതവും മറ്റും കണ്ടത്. അതിശയവും തോന്നി. ഏതായാലും ഇത്തരം ചര്‍ച്ചകള്‍ നടക്കട്ടെ.
പിന്നെ, മൂലകൃതിയേക്കാള്‍ ദുഷ്ക്കരമായ ടിപ്പണിയായിട്ടാണ് മിക്ക കമന്റുകളും അനുഭവപ്പെട്ടത്.ഡാലി പറഞ്ഞതുപോലെ ഏതു വിഷയവും പഠിക്കാം, ചര്‍ച്ച ചെയ്യാം. പക്ഷേ, ഈ ബ്രഹ്മമെന്ന സങ്കല്‍പ്പമൊക്കെ തത്ത്വചിന്താപരമായ പ്രയോഗങ്ങള്‍ മാത്രമാണ് എന്നണ് എന്റെ പക്ഷം. മാത്രവുമല്ല, ഇത്തരം ദാര്‍ശനിക ചര്‍ച്ചകള്‍ ലോകത്തെ വ്യഖ്യാനിക്കാനുള്ള "ശ്രമം' മാത്രമേ ആവുന്നുള്ളു. ഒരു വൃഥാ ശ്രമം. ആ പ്ഴയ ആള്‍ പറഞ്ഞ പോലെ, ലോകത്തെ മാറ്റിമറിക്കാനുള്ള ശ്രമങ്ങള്‍ക്കാണു കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത്.
സി.രാധാകൃഷ്ണന്റെ പുതിയ ലേഖനത്തിലും(മാ.ആ)ഈ ബ്രഹ്മവും, സച്ചിദാനന്ദ സംഗതികളൊക്കെ ഈയിടെ കണ്ടു. ഒരു ശാസ്ത്രജ്ഞന്‍ ആയതുകൊണ്ടു ശാസ്ത്രീയമായിട്ടുതന്നെയാണ് അദ്ദേഹവും ഈ സംഗതികളെയൊക്കെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നിട്ടും, ബ്രഹ്മം മാത്രം മൂപ്പരുടെ കയ്യില്‍നിന്നും വഴുതിപ്പോവുന്നപോലെ തോന്നി. എന്റെ കാഴ്ച്ചയുടെ പീതാംബരമായിരിക്കാം കാരണം. എങ്കിലും.
പിന്നെ, ഇത്തരം ആത്മീയ ചര്‍ച്ചകളും, പ്രത്യയശാസ്ത്രവും, പലപ്പോഴും, ഇന്ത്യയുടെ ഭൗതിക വളര്‍ച്ചക്കു തന്നെ തടസ്സമാകാന്‍ പലപ്പോഴും ഇടവരുത്തിയെന്നു ദേബീപ്രസാദിനെപ്പോലുള്ളവര്‍ സോദാഹരണം വിലയിരുത്തിയിട്ടുമുണ്ട്.
പദാര്‍ഥത്തിന്റെ ദ്വൈതസ്വഭാവത്തെ വേദാന്തത്തിലെ ദ്വൈതത്തിലേക്കും, കണികാ-തരംഗ സ്വഭാവങ്ങളുള്ള ആകാശത്തെ (ചിദാകാശത്തെ!!) ബ്രഹ്മമായി സങ്കല്‍പ്പിക്കുന്നതുമൊക്കെ, വസ്തുനിഷ്ഠമായ പ്രപഞ്ചത്തെ കൂടുതല്‍ അറിയാനല്ല, പകരം "മായാ"പ്രപഞ്ചത്തിലേക്ക് എത്തിച്ചേരാന്‍ മാത്രമായിരിക്കും ആത്യന്തികമായി സഹായിക്കുക എന്നാണ് എന്റെ പക്ഷം.
ശാസ്ത്രജ്ഞനായ രാധകൃഷ്ണന്റെ ആത്മീയതയേക്കാളും എനിക്കിഷ്ടം, വേദാന്തിയായ നിത്യചൈതന്യയതിയുടെ ശാസ്ത്രീയനിരീക്ഷണങ്ങളാണ്.
എന്നിരിക്കിലും, ഇത്തരം ഗൗരവമുള്ള വിഷയങ്ങളൊക്കെ അവതരിപ്പിച്ച (അതും, ബ്ലോഗ്ഗുപോലുള്ള ഈ ഒരു മാധ്യമത്തില്‍)ഡാലിയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയും ഇല്ല.
രാജീവ്, വന്നു വായിച്ചതിനു നന്ദി.
എന്തിനിത്തരം ചിന്തകള്‍ എന്ന് ദേവേട്ടന്‍ ഇവിടെ പറഞ്ഞിരിക്കുന്നു. വായിച്ചിരിക്കേണ്ടതാണ്. എല്ലാവരും ബ്രഹ്മസാക്ഷാല്‍കാരം നേടിയിലെങ്കിലും സ്വാര്‍ത്ഥത കുറയ്ക്കാാനും പള്ളികളീലെ അലച്ചില്‍ ഒഴിവാക്കനും ആയാല്‍...
യതിയെ കൂടുതല്‍ ഇഷ്ടമാണേന്ന് പറഞ്ഞല്ലോ.യതി ഇതേ കണ്‍സെപ്റ്റില്‍ ഹൈസെന്‍ബെര്‍ഗിന്റെ ഒരു പുസ്തകത്തെ അടിസ്ഥാനപെടുത്തി ഊര്‍ജ്ജതാണ്ഡവം എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. വായിച്ചീട്ടുണ്ടോ? വായനക്കാര്‍ കുറവായതിനാല്‍ അതിപ്പോള്‍ കിട്ടാനില്ല.
ഒരു സംവാദപ്രേമിയല്ലെങ്കീലും Book Republic എന്നെ ഇവിടംവരെ എത്തിച്ചതിനു നന്ദിയുണ്ട്
Post a Comment